ഹരിപ്പാട് : കരുവാറ്റ പിഎച്ച്സിയിൽ ഒരാൾക്കു രണ്ടുഡോസ് കോവിഡ് വാക്സിൻ ഒന്നിച്ചു നൽകിയതായി പരാതി. രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയ കരുവാറ്റ പത്താം വാർഡ് സ്വദേശിയായ 60 വയസ്സുകാരനാണ് വാക്സിന്റെ രണ്ട് ഡോസുകൾ ഒരുമിച്ച് നൽകിയത്. ഭാസ്കരൻ എന്ന വ്യക്തിക്കാണ് രണ്ടുഡോസ് കോവിഷീൽഡ് വാക്സിൻ ഒന്നിച്ചുകുത്തിവെച്ചത്.
ഇതിനുശേഷം ഗവ. ആശുപത്രിയിൽ പ്രാഥമിക പരിശോധനയ്ക്കുശേഷം നിരീക്ഷണത്തിൽ കഴിഞ്ഞ ആളിന് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കരുവാറ്റ പിഎച്ച്സിയിൽ കോവിഡ് വാക്സിൻ നൽകുന്നതിന് രണ്ട് കൗണ്ടറുകളാണുള്ളത്. രജിസ്ട്രേഷനുശേഷം ആദ്യകൗണ്ടറിൽനിന്ന് വാക്സിൻ സ്വീകരിച്ചയാൾ രണ്ടാമത്തെ കൗണ്ടറിലുമെത്തി വാക്സിൻ എടുക്കുകയായിരുന്നു.
പിന്നീടാണ് ആരോഗ്യവകുപ്പ് ജീവനക്കാർ ഇക്കാര്യം ശ്രദ്ധിക്കുന്നത്. വാക്സിൻ സ്വീകരിച്ചശേഷം അരമണിക്കൂർ നിരീക്ഷണത്തിൽ തുടരണം. ഇതിനായി ക്രമീകരിച്ച സ്ഥലത്തേക്കുമാറുന്നതിനു പകരം രണ്ടാമത്തെ കൗണ്ടറിൽ എത്തിയതാണ് ആശയക്കുഴപ്പമുണ്ടായത്. ആദ്യം കുത്തിവെപ്പ് എടുത്ത വിവരം ഇയാൾ വെളിപ്പെടുത്താതിരുന്നതും വാക്സിൻ രണ്ടാമത് കുത്തിവെയ്ക്കാൻ കാരണമായത്.
Discussion about this post