മൂന്നാര്‍: സംസ്ഥാനത്ത് കോവിഡ് കേസുകളില്ലാത്ത ഒരേയൊരു പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് സ്വകാര്യ യുട്യൂബ് ചാനല്‍ ഉടമയെ കൊണ്ടുപോയ ഡീന്‍ കുര്യാക്കോസ് എം.പിയുടെ നടപടിക്ക് എതിരെ വിമര്‍ശനം. അനാവശ്യമായി പുറത്തു നിന്ന് ആളെ കൊണ്ടുവന്നതുവഴി കുടിയില്‍ രോഗവ്യാപനമുണ്ടാകുമെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്.
സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയാണ് എം.പിയും സംഘവും ഇടമലക്കുടിയില്‍ പോയത്. ഇടമലക്കുടി ട്രൈബല്‍ ഗവ. സ്കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമായിരുന്നു എന്നാണ് പറയുന്നത്. എം.പിക്കൊപ്പം യുട്യൂബറുമുണ്ടായിരുന്നു. സ്കൂളിലെ ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി. നല്‍കാനെന്ന പേരിലാണ് യുട്യൂബര്‍ സംഘത്തിനൊപ്പം വന്നത്. യുട്യൂബര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
അവധി ദിവസവും, സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ദിവസവുമായ ഞായറാഴ്ച ഇങ്ങനൊരു പരിപാടി ആരുമറിയാതെ നടത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. യുട്യൂബറിന്റെ കച്ചവട താത്പര്യത്തിനായി സംരക്ഷിത വനമേഖലയുടെയും ഗോത്രവര്‍ഗ സമൂഹത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എം.പി. വഴിയൊരുക്കുകയായിരുന്നെന്നും ആക്ഷേപം ഉണ്ട്.
ഇതേതുടര്‍ന്ന് ഡീന്‍ കുര്യാക്കോസ് എം.പിക്ക് എതിരെയും യുട്യൂബ് ചാനല്‍ ഉടമ സുജിത് ഭക്തന് എതിരെയും എ.ഐ.വൈ.എഫ്. പോലീസില്‍ പരാതി നല്കി. ദേവികുളം മണ്ഡലം പ്രസിഡന്റ് എന്‍.വിമല്‍ രാജാണ് മൂന്നാര്‍ ഡിവൈ.എസ്.പി, സബ്കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും എം.പിക്കെതിരേ രംഗത്തുവന്നു.
അതേസമയം ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. ട്രൈബല്‍ സ്കൂളിന്റെ നിര്‍മാണോദ്ഘാടനത്തിനാണ് പോയത്. സ്കൂളിലേക്ക് ആവശ്യമുള്ള ടി.വി. നല്‍കിയത് സുഹൃത്തായ യു ട്യൂബ് ഉടമയാണ്. താന്‍ ക്ഷണിച്ച പ്രകാരമാണ് അയാള്‍ ഇടമലക്കുടിയിലെത്തിയത്. മറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു.
അതേസമയം സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇതുവരെയും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് തുടങ്ങിയപ്പോള്‍ തന്നെ പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാതെ കര്‍ശന നിയന്ത്രണങ്ങളാണ് പഞ്ചായത്ത് കൈക്കൊണ്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇടമലക്കുടിയെ കോവിഡ് മുക്തമാക്കി നിര്‍ത്തിയത്. ഇതിനിടയിലാണ് എംപി ഒരു സംഘം ആളുകളെ കൊണ്ട് ഇടമലക്കുടി സന്ദര്‍ശനം നടത്തിയത്.
Discussion about this post