റോഡില്‍ കുഴിയെന്ന് കമന്റ് ബോക്‌സില്‍ പരാതി; കുഴി അടച്ചിട്ടുണ്ടെന്ന് മന്ത്രി റിയാസും, തുടരുന്ന ജനകീയ ഇടപെടലുകള്‍ക്ക് നിറകൈയ്യടി

PA Muhammed Riyas | Bignewslive

തിരുവനന്തപുരം: പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി എത്തിയ പരാതിയില്‍ പരിഹാരം കണ്ട പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ജനകീയ ഇടപെടലില്‍ നിറകൈയ്യടികളാണ് ലഭിക്കുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് ഉടനടി പരിഹാരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം കൈമാറിയത്. പരാതി പരിഹരിച്ച വിവരം മന്ത്രി തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.

‘പെരിന്തല്‍മണ്ണ. ചെറുപ്ലശേരി റൂട്ടില്‍ ആനമങ്ങാട് എത്തുന്നതിന്റെ മുന്‍പ് റോഡില്‍ ഒരു വലിയ കുഴിയുണ്ട്. അതില്‍ എന്റെ സുഹൃത്തു ഇന്നു രാത്രി 7 മണിക്ക് വീണു പരിക്കുപറ്റി. അവരെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ വേണ്ടി ഞാന്‍ അവിടേക്കു പോയി അവരെ കണ്ടു കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു വണ്ടിയും കൂടി ആ കുഴിയില്‍ വീണു. അപ്പോഴാണ് അവിടന്ന് അറിഞ്ഞത് ഇന്ന് 5 വാഹനങ്ങള്‍ ഈ കുഴിയില്‍ വീണു പരിക്ക് പട്ടിയിട്ടുണ്ടെന്ന്.’ എന്നായിരുന്നു കമന്റ്.

ഫേസ്ബുക്ക് കമന്റായി വന്ന ഒരു പരാതിയാണിത്. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പിഡബ്ല്യുഡി കംപ്ലെയിന്റ് സെല്‍ വഴി അടിയന്തിര പരിഹാരത്തിന് നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ കുഴി അടച്ചിട്ടുണ്ടെന്ന് മന്ത്രി കുറിച്ചു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വരുന്ന പരാതികളും മെയിലില്‍ വരുന്ന പരാതികളും കംപ്ലെയിന്റ് സെല്ലിലേക്ക് നല്‍കുന്നതിന് എന്റെ ഓഫീസില്‍ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പല പരാതികളിലും പരാതിക്കാരെ നേരിട്ട് ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുള്ളതായി അവര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആയതിനാല്‍ ഇനി പരാതികള്‍ കമന്റ് ചെയ്യുന്നവര്‍ ഫോണ്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തണമെന്നും മന്ത്രി റിയാസ് അഭ്യര്‍ത്ഥിക്കുന്നു.

Exit mobile version