ശാസ്തമംഗലം:വിസ്മയ കേസിൽ മൊഴി ആവർത്തിച്ച് പ്രതി കിരൺ കുമാർ. വിസ്മയ ശുചിമുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കിരൺ പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയെ ക്രൂരമായി മർദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. ഇന്ന് മരണം നടന്ന വീട്ടിൽ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
വിസ്മയയെ ആശുപത്രിയിൽ എത്തിച്ച ശേഷം പെൺകുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് കിരൺ പറയുന്നത്. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവർത്തിച്ചു. എന്നാൽ ഏറെ നേരം വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടവ്വലുമായി പെൺകുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും കിരൺ മറുപടി നൽകിയില്ല.
പുലർച്ചെ മൂന്നരയ്ക്ക് വഴക്കുണ്ടായപ്പോൾ മാതാപിതാക്കൾ എത്തി ഇടപെട്ടു. ആ ദിവസം താൻ ഭാര്യയെ മർദിച്ചിട്ടില്ല. മൊബൈൽ ഫോൺ അമിതമായി വിസ്മയ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരിൽ മൂന്ന് ഫോണുകൾ തല്ലി തകർത്തു. എന്നാൽ പിന്നീട് ഫോൺ വാങ്ങി നൽകുകയും ചെയ്തുവെന്നാണ് കിരണിന്റെ മൊഴി.
കൂടുതൽ എതിർപ്പുണ്ടായിരുന്നത് വിസ്മയയുടെ കുടുംബത്തോടാണ്. കാറിന്റെ കാര്യത്തിൽ ഉൾപ്പെടെ കുടുംബം പല കാര്യങ്ങളിലും വിശ്വാസ വഞ്ചന കാട്ടി. തന്റെ എതിർപ്പ് അവഗണിച്ച് വിസ്മയ സ്വന്തം കുടുംബത്തോട് അടുപ്പം കാണിച്ചതിൽ കടുത്ത അമർഷമുണ്ടായിരുന്നു. ഇതാണ് പലപ്പോഴും മർദനത്തിൽ കലാശിച്ചത്. വിസ്മയക്ക് സഹോദരന്റെ വിവാഹ സമയത്ത് സ്വർണം നൽകാത്തതും ഇതുകൊണ്ടായിരുന്നു.വിവാഹത്തിൽ താനും തന്റെ കുടുംബമോ പങ്കെടുത്തില്ലെന്നും കിരൺ സമ്മതിച്ചു.
വിസ്മയയുടെ ബന്ധുക്കൾ അധിക്ഷേപിച്ച് സംസാരിച്ചത് കൊണ്ടാണ് ജനുവരി രണ്ടിന് പെൺകുട്ടിയുടെ വീടിന് മുൻപിൽ സംഘർഷമുണ്ടാക്കേണ്ടി വന്നത് എന്നും കിരൺ പൊലീസിന്റെ ചോദ്യം ചെയ്യലിന് മറുപടി നൽകി. എന്നാൽ തൂങ്ങി മരണമെന്നത് അന്വേഷണ സംഘം ഇപ്പോഴും വിശ്വസിക്കുന്നില്ല. പൊലീസ് സർജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് നേരിട്ടെത്തി പരിശോധിക്കണമെന്ന ആവശ്യം അന്വേഷണ സംഘത്തിനുണ്ട്. ഫോറൻസിക് റിപ്പോർട്ട് പുറത്ത് വരാൻ കാത്തിരിക്കുകയാണ് പൊലീസ്
Discussion about this post