തിരുവനന്തപുരം: ഗൃഹാതുരതയുണര്‍ത്തുന്ന അന്തരീക്ഷമാണ് രണ്ടു ദിവസമായി മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലെങ്ങും. രോഗശയ്യയിലാണെങ്കിലും വീഡിയോ കോളിലൂടെ ബന്ധുക്കളുമായി വിശേഷങ്ങള്‍ പങ്കുവച്ചും ദിവസങ്ങള്‍ക്കു ശേഷം തമ്മില്‍ കണ്ടതില്‍ ആനന്ദക്കണ്ണീര്‍ പൊഴിച്ചും ആ ‘സമാഗമം’ അവര്‍ തീര്‍ത്തും അര്‍ത്ഥവത്താക്കി.
ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ‘വീട്ടുകാരെ വിളിക്കാം’ പദ്ധതിയാണ് കോവിഡ് വാര്‍ഡുകളെ ഗൃഹാന്തരീക്ഷത്തിനു സമാനമാക്കിയത്. രോഗത്തിന്റെയും വീട്ടുകാരില്‍ നിന്നുള്ള ഒറ്റപ്പെടലിന്റെയും അന്വസ്ഥതകളുമായി കഴിഞ്ഞിരുന്ന രോഗികള്‍ക്ക് പുത്തനുണര്‍വ് നല്‍കിയിരിക്കുകയാണ് മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ‘വീട്ടുകാരെ വിളിക്കാം’ പദ്ധതി.
വൈകുന്നേരം മൂന്നു മണി മുതല്‍ രണ്ടു മണിക്കൂറോളം രോഗികള്‍ സ്വന്തം വീട്ടിലെന്ന പോലെ കുടുംബാംഗങ്ങളുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. രണ്ടു മണിക്കൂര്‍ എന്നത് മൂന്നര മണിക്കൂര്‍ വരെ നീളാറുമുണ്ട്.പുതിയ അത്യാഹിത വിഭാഗത്തിനു സമീപത്തെ വിവരാന്വേഷണ കേന്ദ്രത്തില്‍ മൂന്നു ജീവനക്കാരുടെ മേല്‍നോട്ടത്തിലാണ് രോഗികളും വീട്ടുകാരും തമ്മില്‍ വീഡിയോ കോളിലൂടെയുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുന്നത്.
ഒരു ദിവസം 40 രോഗികള്‍ക്കു വരെ വീഡിയോ കോള്‍ വഴി ബന്ധുക്കളോട് സംസാരിക്കാന്‍ അവസരം ലഭിക്കുന്നുണ്ട്. രണ്ടു ജീവനക്കാരെ ഇതിലേയ്ക്കായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. അവരാണ് രോഗിയുടെ സമീപത്തെത്തി ഫോണ്‍ കൈമാറുന്നത്. പുതിയ സംവിധാനം നിലവില്‍ വന്നതോടെ വാര്‍ഡിനുള്ളിലും ഒരു പുതിയ അന്തരീക്ഷമാണുള്ളത്. ദിവസങ്ങളോളം വാര്‍ഡില്‍ ബന്ധുക്കളെ കാണാനോ സംസാരിക്കാനോ കഴിയാതെ ചികിത്സയില്‍ കഴിയുന്ന നിരവധി രോഗികളുണ്ട്. വീട്ടുകാരുമായി വിശേഷങ്ങള്‍ പങ്കുവച്ചതിന്റെ സന്തോഷം രോഗികളില്‍ പ്രകടമാണെന്ന് ഡ്യൂട്ടിയിലുള്ള ഴേ്‌സുമാരും പറയുന്നു. അവരുടെ സന്തോഷത്തില്‍ വാര്‍ഡിലെ ജീവനക്കാരും സംതൃപ്തരാണ്.
7994 77 1002, 7994 77 1008, 7994 77 1009, 7994 33 1006, 956 777 1006 എന്നീ നമ്പരുകളിലൂടെ എസ് എം എസ് വഴി ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം 3 മുതല്‍ വീഡിയോ കോളിലൂടെ തിരികെ വിളിയ്ക്കുകയാണ് ചെയ്യുന്നത്. ആരോഗ്യ വകുപ്പിന്റെ പുതിയ പദ്ധതി രോഗികളും ബന്ധുക്കളും ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. രോഗാവസ്ഥയില്‍ അടുത്ത ബന്ധുക്കളുടെ സാമീപ്യം ആഗ്രഹിച്ചിരുന്ന നിരവധി രോഗികള്‍ക്ക് പുതിയ സംവിധാനം ആശ്വാസം പകര്‍ന്നിട്ടുണ്ട്.