തിരുവനന്തപുരം: കേരള പോലീസിൽ ഐഎസ് സാന്നിധ്യമുണ്ടെന്ന ആരോപണവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. പോലീസിൽ ഭീകരവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് ആസ്ഥാനത്തെ ഈ മെയിൽ വിവരങ്ങൾ ചോർത്തി കൊടുത്തതിന് പുറത്താക്കിയ ഷാജഹാൻ എന്ന എസ്ഐയെ സർക്കാർ സ്ഥാനക്കയറ്റത്തോടെ സർവീസിൽ തിരിച്ചെടുത്തു. കേരള പോലീസിൽ ഐഎസ് സാന്നിധ്യമുണ്ടെന്ന് ഡിജിപി പറയില്ല, എന്നാൽ താൻ പറഞ്ഞു തരാമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
‘സംസ്ഥാനത്തെ പോലീസ് സേനയിൽ ഭീകരവാദികളുടെ സാന്നിധ്യം ശക്തമാണ്. സ്പെഷ്യൽ പോലീസിലും ഇന്റലിജൻസിലും മാത്രമല്ല ലോ ആൻഡ് ഓർഡറിലും ക്രൈംബ്രാഞ്ചിലുമടക്കം അത്തരം പൊലീസ് ഉദ്യോഗസ്ഥർക്ക് മാന്യത ലഭിക്കപ്പെടുന്നു. ആരാണിതിന് പിന്നിലെന്ന് അന്വേഷിക്കണം’- കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കോന്നിയിലും പത്തനാപുരത്തും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൊല്ലത്ത് നിന്നുള്ള ഇന്റലിജൻസ് ഡിവൈഎസ്പി സംശയത്തിന്റെ നിഴലിലാണ്. അയാളെ സ്ഥലം മാറ്റുകയാണുണ്ടായത്.
സംസ്ഥാനത്തെ ഐഎസ് സാന്നിധ്യത്തെ കുറിച്ച് ഡിജിപി നടത്തിയ പ്രസ്താവനയോട് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയണമെന്നുമാണ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post