നീല യൂണിഫോമും കാര്‍ഡും പിടിച്ചെടുക്കും മുന്‍പ് സ്വയം ഊരി വെച്ചു; വളയം പിടിച്ച കൈകളില്‍ പിടയ്ക്കുന്ന മീനുകള്‍, ജീവിതത്തില്‍ തോല്‍ക്കില്ലെന്ന് ഉറച്ച് ഈ കണ്ടക്ടര്‍

നാലാളുകളുടെ മുന്നില്‍ ജോലിയെന്നു പറയാന്‍ 13 വര്‍ഷമായിട്ടുണ്ടായിരുന്ന കണ്ടക്ടര്‍ പണി ഇല്ലാതായേക്കുമെന്ന ഭയം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ നീല യൂണിഫോമും കാര്‍ഡും പിടിച്ചെടുക്കും മുന്‍പ് സ്വയം ഊരിമാറ്റിവെച്ച് മീന്‍ വില്‍പ്പനയ്ക്ക് ഇറങ്ങി പ്രതിസന്ധിയോട് പൊരുതി അനില്‍കുമാര്‍ എന്ന കണ്ടക്ടര്‍. ആദ്യം സങ്കടം നിറഞ്ഞുവെങ്കിലും ഒന്നു ഉറപ്പിച്ചു, ജോലി പോയാലും ആരുടെയും മുന്‍പില്‍ കൈനീട്ടാതെ ജീവിക്കാമല്ലോ.. എന്ന ഉറച്ച വിശ്വാസം. ആ വിശ്വാസത്തിലാണ് അനില്‍കുമാറിന്റെ ബാക്കിയുള്ള ജീവിതം.

നാലാളുകളുടെ മുന്നില്‍ ജോലിയെന്നു പറയാന്‍ 13 വര്‍ഷമായിട്ടുണ്ടായിരുന്ന കണ്ടക്ടര്‍ പണി ഇല്ലാതായേക്കുമെന്ന ഭയം മേലാംകോട് സ്വദേശിയും സിറ്റി ഡിപ്പോയിലെ എം പാനല്‍ ജീവനക്കാരനുമായ സിഎസ് അനില്‍കുമാറിനെ പിടികൂടിയത് രണ്ടാഴ്ച മുന്‍പാണ്. പേടി കൂടിയപ്പോള്‍ മീന്‍കുട്ടയുമായി അനില്‍കുമാര്‍ ഇറങ്ങി. ഒരു ദിവസം 500 രൂപ മിച്ചം പിടിക്കാനായതോടെ ആത്മവിശ്വാസമായി. അഞ്ച് ലക്ഷം രൂപ കടമെടുത്ത് വീടു പണിയുകയാണ്. 7,000 രൂപയാണ് പ്രതിമാസ അടവ്.

ഒരുമാസം ആകെ കിട്ടിയിരുന്നത് 9,000 രൂപ. ജീവിതം കൈവിട്ടു പോകുമെന്നു തോന്നിയതോടെയാണ് മീന്‍കച്ചവടം ആരംഭിച്ചത്. ഭാര്യ സീന വീട്ടമ്മയാണ്, മകന്‍ നാലുവയസ്സുകാരന്‍ അശ്വിന്‍ നഴ്‌സറിയില്‍ പഠിക്കുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് അനില്‍കുമാര്‍ കെഎസ്ആര്‍ടിസിയിലെത്തിയത്. എത്ര വൈകിയാണെങ്കിലും സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയാണ് മുന്നോട്ടു നയിച്ചത്, ആ പ്രതീക്ഷ നശിച്ചതോടെ വീണ്ടും മീന്‍കച്ചവടവുമായി അനില്‍കുമാര്‍ ഇനി വീടിനു മുന്നിലുണ്ടാകും.

Exit mobile version