കൊല്ലം: സ്ത്രീധനം ചോദിച്ചാല്‍ ഈ ബന്ധം വേണ്ട എന്ന് പറയാന്‍ പെണ്‍വീട്ടുകാര്‍ തയ്യാറാവണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്ത്രീധന പീഢനത്തെ തുടര്‍ന്ന് മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധനം കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് പറയുന്ന സാഹചര്യം ഉണ്ടാവണം. സ്ത്രീധനമെന്ന സാമൂഹികതിന്മ തുടച്ചുമാറ്റപ്പെടണം. കേരളത്തില്‍ സ്ത്രീധനത്തിനെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. അതിനായി കേരളത്തിലെ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം തുടങ്ങി പല കാര്യത്തിലും കേരളം മുന്‍പന്തിയിലാണ്.പ്രളയകാലത്ത് സന്നദ്ധപ്രവര്‍ത്തനത്തിന് യുവാക്കളെ ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ വെറും 24 മണിക്കൂറിനുള്ളില്‍ 73,000 യുവാക്കള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമാണിത്. അതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ കാര്യത്തില്‍ സംശയമില്ലെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.
വിസ്മയ എനിക്ക് മകളെപ്പോലെയാണ്. എന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും മകളെപ്പോലെയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
Discussion about this post