ചാലിശ്ശേരി(പാലക്കാട്): സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളുടെ ഭീഷണിയെ തുടര്‍ന്ന് പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ 45-കാരന്‍ അറസ്റ്റിലായി. കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്കു സമീപം കൈപ്പടിയില്‍ വീട്ടില്‍ ദിലീപ്കുമാറിനെയാണ് (45) ചാലിശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില് ഞായറാഴ്ച വൈകീട്ട് എറണാകുളത്തെ വീട്ടില്‌നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെ ഇയാള്‍ കുട്ടിയുമായി ബന്ധം സ്ഥാപിച്ചു. 22-കാരനാണ് എന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പതിനാറുകാരി കുട്ടി ജീവനൊടുക്കിയതെന്നാണ് ചാലിശ്ശേരി പോലീസ് പറയുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പതിനാറുകാരി ജീവനൊടുക്കിയത്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് എറണാകുളം സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദിലീപ്കുമാര്‍ അറസ്റ്റിലാകുന്നത്. കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈയിലുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
അറസ്റ്റിലായ ദിലീപ് കുമാര്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യാജപ്രൊഫൈല്‍ ഉപയോഗിച്ച് കുട്ടിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. തനിക്ക് 22 വയസ്സാണെന്നും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ വിദ്യാര്‍ഥിയാണെന്നുമാണ് കുട്ടിയെ വിശ്വസിപ്പിച്ചിരുന്നത്. ഇതിനായി ബന്ധുവായ യുവാവിന്റെ ഫോട്ടോയും ഇയാള്‍ വിദ്യാര്‍ഥിനിക്ക് അയച്ചു. തന്റെ മാതാപിതാക്കള്‍ ബാങ്ക് ഓഫീസര്‍മാരാണെന്നും കുട്ടിയെ വിശ്വസിപ്പിച്ചു. ഇതിനായി കൂട്ടുകാരിയെക്കൊണ്ട് അമ്മയാണെന്ന മട്ടില്‍ സംസാരിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു.
എറണാകുളം സ്വദേശിയായ മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാര്‍ഡുകളാണ് ഇയാള്‍ തട്ടിപ്പിനുപയോഗിച്ചത്. പ്രതി മുഖം പ്രദര്‍ശിപ്പിക്കാതെ മറ്റൊരു സ്ത്രീയുമായി ഇതേ രീതിയില്‍ വര്‍ഷങ്ങളോളം സമൂഹമാധ്യമം വഴി ബന്ധം സ്ഥാപിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.
Discussion about this post