തൃശൂര്‍; കഴിഞ്ഞ ദിവസം മരിച്ച കൊവിഡ് ബാധിതന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍. മേത്തല സെന്റ് ജൂഡ് പള്ളിക്കു തെക്കുവശം പാമ്പിനേഴത്ത് ഉമ്മറിന്റെ (68) മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മകന്‍ നിസാര്‍ അറസ്റ്റിലായത്.
ഉമ്മറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മകന്റെ ക്രൂരത പുറത്തുവന്നത്.
കൊവിഡ് ചികിത്സ കഴിഞ്ഞ് വീട്ടില്‍ ക്വാറന്റീനിലായിരുന്ന ഉമ്മറിനെ വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച വിവരം നിസാര്‍ അറിയിച്ചതിനെ തുടര്‍ന്നാണു നാട്ടുകാരും പോലീസും വീട്ടില്‍ എത്തിയത്. പോലീസ് എത്തുമ്പോള്‍ ഉമ്മറിന്റെ മൃതദേഹം നിലത്തു വീണു കിടക്കുകയായിരുന്നു.
എന്നാല്‍ നിസാറിന്റെ പെരുമാറ്റത്തില്‍ പോലീസിന് സംശയം തോന്നി. പിതാവിന്റെ മരണത്തില്‍ നിസാറിന് യാതൊരു ദുഖം ഉണ്ടായിരുന്നില്ല. ഇന്നലെ കബറടക്കം നടന്ന സ്ഥലത്തു പോലും നിസാര്‍ എത്തിയില്ല.
കൂടാതെ സുഹൃത്തിനെ വിളിച്ച് താന്‍ നാട് വിടുകയാണെന്ന് നിസാര്‍ പറഞ്ഞു. പണം കടവും ചോദിച്ചിരുന്നു. ഇതിനിടയിലാണ് ഉമ്മറിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നത്. ഉമ്മറിന്റെ കഴുത്തു ഞെരിച്ചതായും മര്‍ദനമേറ്റതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്.
ഉമ്മറും നിസാറും കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്നു തിരിച്ചെത്തി ക്വാറന്റീനിലയിരുന്നു ഇരുവരും. ഉമ്മറിന്റെ ഭാര്യ അലീമു 8 ദിവസം മുന്‍പ് കോവിഡ് ബാധിച്ചാണു മരിച്ചത്.