ചാത്തന്നൂർ: കൊല്ലം കല്ലുവാതുക്കൽ കരിയിലക്കൂട്ടത്തിൽ നലജാത ശിശുവിനെ ഉപേക്ഷിച്ച കേസ് കൂടുതൽ സങ്കീർണമാകുന്നു. ആര്യയും ഗ്രീഷ്മയും മരണപ്പെട്ടതോടെ അന്വേഷണത്തിനായി സാങ്കേതിക വിദ്യയെ ആശ്രയിക്കാൻ ഒരുങ്ങുകയാണ് പോലീസ്. നവജാതശിശു മരിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ രേഷ്മയുടെ സിം കാർഡ് പോലീസ് പരിശോധിച്ച് വരികയാണ്. സൈബർ സെൽ ഉദ്യോഗസ്ഥരെയും വൈദ്യമേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരെയും ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലമാക്കുകയും ചെയ്തു. ചാത്തന്നൂർ എസിപി വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം.
രേഷ്മ ഉപയോഗിച്ച സിം കാർഡിന്റെ ഉടമയും ഭർതൃസഹോദരന്റെ ഭാര്യയുമായ ആര്യയെ ഫേസ്ബുക്ക് സംബന്ധിച്ച് വിവരങ്ങൾ ചോദിച്ചറിയാനായിരുന്നു പോലീസ് വിളിപ്പിച്ചിരുന്നത്. എന്നാൽ, ആര്യയും ബന്ധുവായ ഗ്രീഷ്മയും ആത്മഹത്യ ചെയ്തതോടെ അന്വേഷണം കൂടുതൽ കഠിനമായിരിക്കുകയാണ്. രേഷ്മയുടെ പാസ്‌വേഡ് ഇരുവർക്കും അറിയാമായിരുന്നു.
ഈ പാസ്‌വേഡ് ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ടിൽ കയറി ഇരുവരും കമന്റുകൾ ഇടുകയും ചിലർക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നതായും ഇത്തരത്തിൽ സന്ദേശം ലഭിച്ചയാളുടെ ഭാര്യയും രേഷ്മയുമായി വാക്കേറ്റമുണ്ടായതായും പോലീസ് പറയുന്നു. ഗ്രീഷ്മ(21)യുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. വിദേശത്തായിരുന്ന അച്ഛൻ രാധാകൃഷ്ണൻ ഞായറാഴ്ച രാത്രി നാട്ടിലെത്തി.
പാസ്‌വേർഡ് കൈമാറിയില്ലെങ്കിലും രേഷ്മയുടെ സിം കാർഡിലുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കുന്നതിന് പ്രയാസമുണ്ടാവില്ല. ഇതുവഴി രേഷ്മ ഇടപെട്ടിട്ടുള്ളവരുടെ വിവരം ശേഖരിക്കാൻ പോലീസിനു കഴിയും. എന്നാൽ, രേഷ്മ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കാലതാമസമെടുക്കും. ഡിലീറ്റ് ചെയ്ത് 14 ദിവസം കഴിഞ്ഞാൽ ഫേസ്ബുക്കിന്റെ നിയമം അനുസരിച്ച് പൂർണമായും അക്കൗണ്ട് ഒഴിവാക്കപ്പെടും. ഇതോടെ ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തേണ്ടതായി വരും.