കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് പെൺകുട്ടികളുടെ ദുരൂഹ മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ ഒരുങ്ങി രാജ്യസഭാ എംപി കൂടിയായ നടൻ സുരേഷ് ഗോപി. കേരളത്തിലെ സ്ത്രീധന പീഡനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് സുരേഷ് ഗോപി തന്നെയാണ് അറിയിച്ചത്.
സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണം. പോലീസുകാർക്ക് എല്ലാം വിട്ടു കൊടുക്കേണ്ട കാര്യമില്ല. സ്ത്രീധനം സംബന്ധിച്ച വിഷയത്തിലാണ് ഗ്രാമസഭകൾ വേണ്ടത്. അച്ഛനമ്മമാരുടെ കൂട്ടായ്മ വേണം. സാമൂഹ്യനീതി വകുപ്പ് മുൻകൈ എടുക്കണമെന്നും സുരേഷ് ഗോപി എംപി ആവശ്യപ്പെട്ടു.
കൊല്ലം നിലമേലിലെ വിസ്മയയുടെ മാതാപിതാക്കളെയും സഹോദരനെയും സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ വിസ്മയ തന്നെ വിളിച്ചിരുന്നെങ്കിൽ രാത്രിയാണെങ്കിലും കാറെടുത്ത് പോയി കിരണിനെ തല്ലിയിട്ടാണെങ്കിലും വിസ്മയയെ വിളിച്ചുകൊണ്ടു വന്നേനെ എന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. വൈകാരിക പ്രതികരണം സോഷ്യൽമീഡിയയിലും വലിയ ചർച്ചയായിരുന്നു.
Discussion about this post