കോഴിക്കോട്: കേരളത്തിന് പാലും തൈരും യഥേഷ്ട്ം എത്തിക്കുന്ന മിൽമ ഇനി പാക്കറ്റിൽ ചാണകവും എത്തിക്കും. ചാണകം ഉണക്കി പൊടിച്ച് പാക്കറ്റിൽ വീട്ടിലെത്തിക്കാനാണ് മിൽമയുടെ തീരുമാനം. വരുമാനം വർധിപ്പിക്കലാണ് ഇതിലൂടെ മിൽമ ലക്ഷ്യമിടുന്നത്.
പാലും പാലിൽ നിന്നുള്ള ഭക്ഷ്യഉൽപ്പന്നങ്ങളുമായിരുന്നു മിൽമ ഇതുവരെ വിപണിയിലെത്തിച്ചിരുന്നത്. എന്നാൽ ചാണകത്തെ കൂടി ബ്രാൻഡ് ചെയ്ത് മാർക്കറ്റിലെത്തിച്ച് കർഷകർക്ക് ആശ്വാസമാകാനാണ് പുതിയ തീരുമാനം. 2,5,10 കിലോകളിലും മാർക്കറ്റിലെത്തിക്കും.
മട്ടുപ്പാവ് കൃഷിക്ക് മുതൽ വൻ തോട്ടങ്ങളിൽ വരെ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ചാണകം മാർക്കറ്റിലെത്തിക്കുക. മിൽമയുടെ സഹസ്ഥാപനങ്ങളിലൊന്നായ മലബാർ റൂറൽ ഡവലപ്‌മെൻറ് ഫൗണ്ടേഷനാണ് ചാണകം വിപണിയിലെത്തിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
നഗരങ്ങളിലെ വീടുകളിലും ഫ്‌ലാറ്റുകളിലും ജൈവ കൃഷി ആഗ്രഹിക്കുന്നവർക്ക് ചാണകം എത്തിക്കുക എന്നതും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. പ്രാദേശിക ക്ഷീര സംഘങ്ങൾ വഴി ചാണകം ഉണക്കി പൊടിയാക്കിയാണ് സംഭരിക്കുക. ഒരു കിലോക്ക് 25 രൂപ നിരക്കാണ് ഈടാക്കുക. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചിന് വേണ്ടി ചാണകം നൽകുന്ന മിൽമ കൂടുതൽ സ്ഥാപനങ്ങൾക്ക് ചാണകം നൽകാനുള്ള അനുമതി സർക്കാറിനോട് തേടിയിട്ടുമുണ്ട്.