കൊല്ലം : കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികരണവുമായി അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു. അവളെ അത്രയും വിശ്വസിച്ചു പോയതാണ് ഞാന്‍ ചെയ്ത വലിയ തെറ്റ് എന്ന് ഭര്‍ത്താവ് വിഷ്ണു പറയുന്നു. കണ്ണും പൂട്ടി ഒരാളെയും വിശ്വസിക്കരുതെന്ന് പറയുന്നത് ഇതാണ്. നാട്ടുകാരുടെ മുന്നില്‍ നാണം കെട്ടു തല കുമ്പിട്ടു ഇരിക്കുന്ന അവസ്ഥയാക്കിയില്ലേ, എന്നെ വെറും പൊട്ടനാക്കി കളഞ്ഞില്ലേ എന്നും വിഷ്ണു ചോദിക്കുന്നു.
നൊന്തു പ്രസവിച്ച മകനെ ഉപേക്ഷിച്ചതിനു പുറമേ സ്വന്തം അച്ഛന്‍, അമ്മ തുടങ്ങി എല്ലാവരെയും അവള്‍ പറ്റിച്ചു.ഒരാള്‍ ഒരു കാര്യം ഒളിപ്പിച്ചു വയ്ക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ എന്തു ചെയ്യാനാണ്.
രേഷ്മയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിന് അഞ്ചു മിനുട്ട് മുമ്പും വീഡിയോ കോളില്‍ സംസാരിച്ചിരുന്നുവെന്നും വിഷ്ണു പറയുന്നു.
രേഷ്മ കുഞ്ഞിനെ പ്രസവിച്ചെന്നു പറയുന്ന ദിവസം ജോലി കഴിഞ്ഞ് രാത്രി 11 മണിക്കാണ് താന്‍ വീട്ടില്‍ എത്തുന്നത്. വാതില്‍ തുറന്നു തന്നതു രേഷ്മയാണ്. ഭക്ഷണം വിളമ്പി തന്ന ശേഷം ഒപ്പം കിടന്നുറങ്ങി. രാവിലെ ജോലിക്കു പോകാന് എഴുന്നേറ്റു പല്ലു തേയ്ക്കുന്നതിനിടെയാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. കുഞ്ഞിനെ എടുത്തത് അവളാണ്. അന്ന് എല്ലാ കാര്യങ്ങള്ക്കും ഒപ്പം നിന്നു. പിന്നെ എങ്ങനെ സംശയിക്കുമെന്നും വിഷ്ണു ചോദിച്ചു.
ഒരു ദിവസം രേഷ്മ വര്‍ക്കലയില്‍ നില്‍ക്കുന്നതായി സുഹൃത്ത് പറഞ്ഞു. ഫോണില്‍ ചാറ്റ് ചെയ്യുന്നതു കണ്ടു നോക്കാന്‍ ഒരുങ്ങിയപ്പോള്‍ ഫോണ്‍ ലോക്ക് ചെയ്തു. ലോക്ക് അഴിക്കാന്‍ പറഞ്ഞപ്പോള്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് ഫോണ്‍ എറിഞ്ഞു പൊട്ടിച്ചുവെന്നും വിഷ്ണു പറഞ്ഞു.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണു രേഷ്മയുമായി പ്രണയത്തിലാകുന്നത്. രേഷ്മയ്ക്ക് സ്വന്തമായി എഫ്ബി അക്കൗണ്ട് പോലും ഇല്ലെന്നാണ് കരുതിയിരുന്നത്. ഇത്രയും പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ ആരാണെന്ന് പോലീസ് കണ്ടെത്തണമെന്നും വിഷ്ണു പറഞ്ഞു.
മകളെ ഓര്‍ത്തു മാത്രമാണ് നാട്ടില്‍ എത്തിയത്. അല്ലെങ്കില്‍ എല്ലാം അവിടെ അവസാനിപ്പിക്കുമായിരുന്നുവെന്നും വിഷ്ണു പറയുന്നു. നാലുമാസം മുമ്പ് ദുബായിലേക്കു പോയ വിഷ്ണു ഇന്നലെ പുലര്‍ച്ചെയാണ് മടങ്ങിയെത്തിയത്. കുടുംബ വീടിനു സമീപം ബന്ധു വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്.
അതേസമയം രേഷ്മയുടെ അജ്ഞാത കാമുകന്‍ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ആയിട്ടില്ല. വാട്‌സ്ആപ്പ് വഴിയാണ് ഇവര്‍ സംസാരിച്ചിരുന്നതെന്നാണ് നിഗമനം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
രേഷ്മ പല പേരുകളിലുള്ള ഫേസ്ബുക് പ്രൊഫൈല്‍ ഉണ്ടാക്കി സുഹൃത്തുമായി സംസാരിച്ചെന്ന് സൂചനയുണ്ട്. അച്ചൂസെന്നും ദേവൂസെന്നുമൊക്കെ പേരില്‍ പ്രൊഫൈല്‍ ഉണ്ടാക്കുകയും പിന്നീട് അത് ഉപേക്ഷിക്കുകയുമായിരുന്നു രീതിയെന്നും പോലീസ് സൂചിപ്പിച്ചു.
Discussion about this post