തൃശ്ശൂര്‍: കൊല്ലത്തെ വിസ്മയ എന്ന 24കാരിയുടെ മരണത്തിന് പിന്നാലെ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം സ്ത്രീധനത്തെക്കുറിച്ചാണ്. ഒരു പെണ്ണിന്റെയും കണ്ണീരുവീഴ്ത്താതെ, ഒരുതരി പൊന്നോ കാശോ സ്ത്രീധനമായി വാങ്ങാതെ അന്തസായി ജീവിക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്.
അതിനിടെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുകയാണ് പ്രവീണ്‍ പ്രചോദന എന്ന യുവാവ് പങ്കുവെച്ച കുറിപ്പ്. പരസ്പരം നല്ല മനസുണ്ടെങ്കില്‍ ആ മനസ്സുകള്‍ തമ്മില്‍ കൈമാറുന്നതിനും അപ്പുറമായി നല്ലൊരു സ്ത്രീധനമോ, പുരുഷധനമോ വേണ്ടെന്ന് ജീവിതം തെളിയിക്കുകയാണ് പ്രവീണ്‍. നാലാണയ്ക്ക് പാടുപെട്ടു കഴിവുള്ള കാലമത്രയും വന്നുകയറിയ പെണ്ണിനെ പൊന്നുപോലെ നോക്കിയ അച്ഛന്റെ മകനാണ് താനെന്നും പ്രവീണ്‍ അഭിമാനത്തോടെ കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
സുമ ഇവളെന്റെ സ്ത്രീധനം
എനിക്കും എഴുതാനുണ്ട്…പരസ്പരം നല്ല മനസുണ്ടെങ്കില്‍ ആ മനസ്സുകള്‍ തമ്മില്‍ കൈമാറുന്നതിനും അപ്പുറമായി നല്ലൊരു സ്ത്രീധനമോ, പുരുഷധനമോ വേറെ ഇല്ലാ….
എന്റെ അച്ഛനും അമ്മയും:-13 വയസ് പ്രായത്തില്‍ പിടിപെട്ട ശ്വാസംമുട്ടല്‍ രോഗം മരണവരെയും കൊണ്ടുനടന്ന അമ്മയെയും ആ അമ്മയെ പൊന്നുപോലെ നോക്കിയ അച്ഛനെയും ഓര്‍ക്കുമ്പോള്‍ മാതൃക ദമ്പതിമാര്‍ എന്നുള്ള അവാര്‍ഡ് കിട്ടിയില്ലെങ്കിലും എനിക്കും എന്റെ അനുജനും പിന്‍പറ്റാനുള്ള വഴിത്താര ജീവിതം കൊണ്ടു തെളിയിച്ചവരാണവര്.
1982 യില്‍ എന്റെ അമ്മയെ വിവാഹം ചെയുവാനാഗ്രഹിച്ചു വീട്ടില്‍ വരുമ്പോള്‍ അമ്മയും അമ്മുമ്മയും മാത്രം. എനിക്ക് നിങ്ങളുടെ മകളെ വിവാഹം കഴിച്ചു തരണമെന്നാവശ്യപെടുമ്പോള് തിരികെ ആ അമ്മുമ്മ ചോദിച്ചത് കൂടെ എന്താണ് വേണ്ടത്? ഒട്ടും ആലോചിക്കാതെ അച്ഛന് മറുപടി പറഞ്ഞു, മകളെ കെട്ടിച്ചു തന്നാല്‍ നാലാണയ്യ്ക്ക് പാടുപെട്ടു കഴിവുള്ള കാലമത്രയും പൊന്നുപോലെ നോക്കിക്കൊള്ളാം. കഷ്ടപാടുകളുടെ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. എങ്കിലും സത്യസന്ധമായി പറയട്ടെ… പരാതിയോ, പരിഭവങ്ങളോ, പിറുപിറുപ്പോ ഇല്ലാതെ ഉള്ളതില്‍ ഉള്ളംകൊണ്ട് തൃപ്തിപെട്ട ജീവിതം ആയിരുന്നു ഞങ്ങളുടേത്.
നിത്യരോഗിയായ അമ്മയെ നന്നായി എന്റെ അച്ഛന് പരിപാലിച്ചു, ശുശ്രുഷിച്ചു. കരിങ്കല്ലും, തടിയും ചുമക്കാന്‍ പോയും അതുപോലുള്ള കഠിനമായ ജോലി ചെയ്തു പഴയ പ്രീഡിഗ്രിക്കാരന് കുടുംബം നന്നായി നോക്കി. ക്ഷീണം മറന്നു രാത്രിയുടെ യാമങ്ങളില്‍ കട്ടന്‍ ചായ ചോദിക്കുമ്പോള്‍ (ചൂടാക്കി നേരത്തെ വെക്കാന്‍ ഫ്ലാസ്ക് ഒന്നും ഇല്ലാതിരുന്ന ആ കാലത്തു )ന്യൂസ് പേപ്പര്‍ കഷ്ണങ്ങളും, ഉണങ്ങിയ ഓലപൊളികളും കത്തിച്ചു ചായ തിളപ്പിച്ച് കൊടുക്കാന്‍ മടികാണിക്കാത്ത നല്ലൊരു ഭര്‍ത്താവ്(അതാണ് എന്റെ അച്ഛന്).
വളര്‍ന്നു വന്ന ഞങ്ങള്‍ രണ്ടാണ്മക്കള് ഞങ്ങള്‍ക്കും ആ അമ്മയെ വേണ്ടുംപോലെ നോക്കുവാന്‍ കഴിഞ്ഞത് ഒരു അഭിമാനം തന്നെ. ആസ്മ രോഗിയായ അമ്മ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഞാന്‍ അനുഭവിക്കുന്ന കഷ്ടം വേറെ ആര്‍ക്കും നല്കല്ലേ…. പ്രേത്യകിച്ചു എന്റെ തലമുറകള്‍ക്കു… കാരുണ്യവാന് ആ പ്രാര്‍ത്ഥന അപ്പാടെ കൈകൊണ്ടു. 2015 ഓഗസ്റ്റ് 8ന് ആ തിരിനാളം 53 വയസ് തികച്ചു ഞങ്ങളെ വിട്ടു യാത്രയായി. എങ്കിലും ഞങ്ങളില്‍ അതു കെടാതെ ജ്വാലിക്കുന്നു.
എന്റെ ജീവിതവും കുടുംബജീവിതവും:- അറിവുവന്ന എന്റെ ചെറുപ്പകാലം, ഞാന്‍ പറയുമായിരുന്നു.ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങാതെയെ കഴിക്കുള്ളു. കുഞ്ഞു നാളിലെ തമാശകളായിരിക്കുമെന്ന് എല്ലാവരും കരുതി. പക്ഷെ വിവാഹപ്രായമെത്തി, ദൈവം മാന്യമായ വിദ്യാഭ്യാസവും നല്കി,കുഞ്ഞിലേ പറഞ്ഞത് തമാശ എന്നു കരുതിയവരുടെ മുമ്പില്‍ ദൃഡമായ തീരുമാനമായി എന്റെ വാക്കുകള്‍ വളര്‍ന്നു.
കുടുംബജീവിതത്തിലേക്കുള്ള കാല്‍വെയ്പ്പ്:-
2011മാര്‍ച്ച് മാസം ഇന്ന് എന്റെ പങ്കാളിയായവളെ കാണാനായി ചെന്നു. കണ്ടു മടങ്ങി, മറുപടിയൊന്നും പറഞ്ഞില്ല ആഴ്ച്ചകള്‍ക്ക് ശേഷം ഭാര്യ പിതാവ് കാര്യങ്ങള്‍ അന്വഷിച്ചുവരുമ്പോള് എന്നോട് ചോദിച്ചതും ഞങ്ങള്‍ എന്താണ് തരേണ്ടത്? മറുപടി ആലോചിച്ചുപറയാമെന്നൊന്നും പറയേണ്ടിവന്നില്ല. തിരികെ ഒരു ചോദ്യം,മകള്‍ക്ക് എന്നെ ഇഷ്ടമായോ? അതെ എന്ന് പറഞ്ഞു തീരുകയും എങ്കില്‍ കല്യാണദിവസം ആലോചിച്ചു അതിനുള്ള തയാറെടുപ്പുകള്‍ നടത്താം എന്നു ഞാന്‍ പറഞ്ഞു (വീട്ടിലെ മൂത്തവള്‍, ഇളയ രണ്ട് സഹോദരന്മാര്). ഞാന്‍ ഒരു കാര്യംകൂടെ ചേര്‍ത്തു ചിന്തിച്ചു, സഹോദരിമാരില്ലാത്ത എന്റെ വീട്ടില്‍ എനിക്ക് ഒരു സഹോദരി ഉണ്ടെങ്കില്‍, കെട്ടിച്ചുകൊടുക്കാന്‍ ഞാന്‍ എന്തുമാത്രം പരിശ്രമങ്ങള്‍ നടത്തും!
ആരെയും ബുദ്ധിമുട്ടിക്കാതെ എന്റെ വിവാഹം സ്വന്തം അധ്വാനത്തിലൂടെ എല്ലാവരെയും പങ്കെടുപ്പിച്ചു ഇരു കുടുംബത്തിലെ മാതാപിതാക്കളുടെ ആശീര്‍വാദത്തോടെ 2011 ജൂണ്‍ 2ന് നടത്തപ്പെട്ടു. (സ്ത്രീധനം വാങ്ങാത്ത ഒരു കല്യാണം, പ്രവീണും സുമയും മനസുകള്‍ കൈമാറുകയും കരങ്ങള്‍ കോര്‍ത്തിണക്കിയതുമായ ദിവസം).
വളരെ കഷ്ടപാടുകളോടെ ജീവിതം കാളവണ്ടിയുടെ വേഗതയെ ഉള്ളുവെങ്കിലും സന്തോഷത്തോടെ മുമ്പോട്ടു നീങ്ങുന്നു. ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ 10 വര്‍ഷം താണ്ടി, അനുഗ്രഹിക്കപ്പെട്ട രണ്ടു പൈതങ്ങളെയും ദൈവം നല്കി.
സ്വന്തമായി നല്ലൊരു വീടില്ല, പറയത്തക്ക വരുമാനം ഇല്ലാ, എങ്കിലും ഞങ്ങള്‍ ഞങ്ങളെ കഷ്ടപ്പെട്ടു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളുടെ നല്ല പാത പിന്‍പറ്റുന്നു.
വായെ പിളര്‍ന്നവന്‍ വയറ്റിനുള്ളത് നല്‍കും. പട്ടിണി കിടത്തത്തില്ല, ആവശ്യങ്ങള്‍ നിറവേറ്റി കൂടെയിരിക്കും.എന്ന ശുഭപ്തി വിശ്വാസം ഇതുവരെയും നടത്തി. ഇനിയും ദൈവം ഞങ്ങളെ കൈവിടില്ല. അത്യാഗ്രഹവും, ആര്‍ത്തിയും നിറഞ്ഞ ഉലകില് സമാധാനവും സന്തോഷവും ഉണ്ടെങ്കില്‍ അതു മതി എന്നാശിച്ചുകൊണ്ട് പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തില്‍ ശേഷിക്കുന്ന ജീവിതം ജീവിച്ചുതീര്പ്പാന് പ്രാര്‍ത്ഥനകള്‍ ചോദിച്ചുകൊണ്ട്…..
Discussion about this post