തിരുവനന്തപുരം; സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന ആദിവാസി മേഖലയിലെ കുട്ടികള്‍ക്കായി കംപ്യൂട്ടറും ലാപ്‌ടോപ്പും എത്തിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്തെ സ്‌കൂളുകളിലുള്ള ഒരു ലക്ഷം കംപ്യൂട്ടറുകള്‍ തിരിച്ചെടുത്ത് ആദിവാസി മേഖലയിലെ കുട്ടികള്‍ക്കായി നല്‍കാനാണ് തീരുമാനം.
ഹൈടെക് പദ്ധതി പ്രകാരം സ്‌കൂളുകള്‍ക്ക് നല്‍കിയ കംപ്യൂട്ടറുകളാണ് തിരിച്ചെടുത്ത് ആദിവാസി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത്. ഇതിനായി കൈറ്റ്‌സിനെ ചുമതലപ്പെടുത്തി. ആദിവാസി മേഖലയിലെ പൊതുഇടങ്ങളിലായിരിക്കും കംപ്യൂട്ടര്‍ സ്ഥാപിക്കുക. കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠന സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ക്ലാസ്സുകള്‍ നടക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ്. ഓണ്‍ലൈന്‍ ക്ലാസ് നടപ്പാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴും ആദിവാസി മേഖലയിലെ ഉള്‍പ്പടെ നിരവധി കുട്ടികള്‍ ഇപ്പോഴും പഠനസൗകര്യമില്ലാതെ ക്ലാസിന് പുറത്താണ്. ആദിവാസി പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളില്‍ പലരും പഠനം ഉപേക്ഷിച്ച അവസ്ഥയിലാണ്.
വയനാട് ആദിവാസി ഊരുകളിലെ കുട്ടികളില്‍ 70 ശതമാനവും കഴിഞ്ഞ കൊല്ലം ഡിജിറ്റല്‍ ക്ലാസുകളില്‍ പങ്കെടുത്തിട്ടില്ല. ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. ഈ പശ്ചാത്തലത്തിലാണ് ആദിവാസി മേഖലയിലെ കുട്ടികള്‍ക്കായി കംപ്യൂട്ടറും ലാപ്‌ടോപ്പും എത്തിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
Discussion about this post