തൊടുപുഴ: 24 ദിവസം നീണ്ട ആശുപത്രിവാസത്തിനും മാതാപിതാക്കളുടെ പ്രാര്‍ത്ഥനയ്ക്കുമൊടുവില്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോള്‍ ആശുപത്രിയില്‍ നിന്നും തൊടുപുഴ ചെലവിലെ വീട്ടില്‍ തിരിച്ചെത്തി. മാസ്‌ക് ധരിക്കാത്തതു ചോദ്യം ചെയ്തതിനു മറയൂര്‍ കോവില്‍ക്കടവില്‍ യുവാവിന്റെ ആക്രമണത്തിനിരയായ അജീഷ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഇക്കഴിഞ്ഞ ഒന്നിനു ജോലിക്കിടെയാണ് അജീഷിനും എസ്എച്ച്ഒ ജി.എസ്. രതീഷിനും നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കല്ലുകൊണ്ടുള്ള യുവാവിന്റെ ആക്രമണത്തില്‍ അജീഷ് പോളിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നു സംസാരശേഷിയും വലതു കൈകാലുകളുടെ ചലനശേഷിയും പൂര്‍ണമായി നഷ്ടപ്പെട്ട നിലയിലാണ് അജീഷിനെ ആലുവ രാജഗിരി ആശുപത്രിയില്‍ എത്തിച്ചത്.
ചികിത്സയ്ക്കു ശേഷം മടങ്ങുമ്പോള്‍ രണ്ടും ഭാഗികമായി വീണ്ടെടുത്തു. മസ്തിഷ്‌കത്തിനു ഗുരുതര പരുക്ക് ഏല്‍ക്കുന്നതു മൂലം ഭാഷാ വൈകല്യം സംഭവിക്കുന്ന ‘അഫേസ്യ’യുടെ രണ്ടാം ഘട്ടമായ ട്രാന്‍സ്‌കോര്‍ട്ടിക്കല്‍ സെന്‍സറി അഫേസ്യ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ അജീഷ് പോള്‍ എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
എഴുതാനും വായിക്കാനും കാര്യങ്ങള്‍ ഗ്രഹിക്കാനും അതു വീണ്ടും വാക്കുകളായും വാചകങ്ങളായും ആശയവിനിമയം നടത്താനുമുള്ള ശേഷി തകരാറിലാകുന്നതാണ് അഫേസ്യ. എന്നാല്‍ തക്കസമയത്തു ശസ്ത്രക്രിയയും വിദഗ്ധ ചികിത്സയ്‌ക്കൊപ്പം സ്പീച്ച് തെറപ്പിയും ചെയ്തതുകൊണ്ടാണു നിര്‍ണായകമായ ആദ്യഘട്ടം തരണം ചെയ്തതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
പണ്ടു മനഃപ്പാഠമാക്കിയ പ്രാര്‍ഥനയും പാട്ടുകളും അജീഷ് ഇപ്പോള്‍ പഴയ രീതിയില്‍ ചൊല്ലുന്നുണ്ട്. സ്പീച്ച് തെറപ്പിയോടു നല്ല രീതിയില്‍ പ്രതികരിക്കുന്നുമുണ്ട്. അജീഷിന്റെ ചികിത്സാ ചെലവു വഹിച്ചതു സര്‍ക്കാരാണ്. റൂറല്‍ എസ്പി കെ. കാര്‍ത്തിക്, അജീഷിന് ആവശ്യമായ സേവനങ്ങള്‍ക്കായി ഒരു എസ്‌ഐ ഉള്‍പ്പെടെ 3 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.
സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താന്‍ 6 മാസം കൂടി സ്പീച്ച് തെറപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ തുടരണം. ശസ്ത്രക്രിയയും വേണ്ടിവരും. ഓര്‍മകളെ പൂര്‍ണമായി ബന്ധിപ്പിക്കാനാവുന്നില്ലെങ്കിലും മറയൂരിലെ ജോലിക്കാര്യങ്ങളും അപകടം സംഭവിച്ചതും ഇടയ്ക്കു പറയുന്നുണ്ട്.
ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത അജീഷ് പോളിനെ മന്ത്രി പി. രാജീവ്, ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഫാ. ജോയി കിളിക്കുന്നേല്‍ എന്നിവരും ഡോക്ടര്‍മാരും പൊലീസ് അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന് തൊടുപുഴയിലെ വീട്ടിലേക്കു യാത്രയാക്കി.
Discussion about this post