പെണ്‍കുട്ടികള്‍ക്ക് ഉയരാന്‍ ആത്മവിശ്വാസമേകി റസീന എന്ന യുവതി പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. പതിനെട്ടു വയസായാല്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും ഡ്രൈവിങ് ലൈസന്‍സ് എടുത്തിരിക്കണമെന്നും അതവര്‍ക്ക് ചിറക് നല്‍കുമെന്നും റസീന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സ്വന്തമായി വണ്ടിയുണ്ടാവുക, അതോടിച്ചു പോയി സ്വയം കാര്യങ്ങള്‍ ചെയ്യുക എന്നത് സ്വയം പര്യാപ്തതയുടെ ആദ്യ പടിയാണ്. എല്ലാ സ്ത്രീകളും പെണ്‍കുട്ടികളും നിര്‍ബന്ധമായും പഠിക്കുകയും പ്രയോഗിക്കുകയും വേണം ഡ്രൈവിങ്. അത് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. അത് സൈക്കിളാവട്ടെ, സ്കൂട്ടറാവട്ടെ, കാറാവട്ടെ അല്ലെങ്കില്‍ മറ്റെന്തുമാവട്ടെയെന്ന് റസീന പറയുന്നു.
ചെറുപ്പത്തില്‍ സൈക്കിള്‍ വലിയ സ്വപ്നമായിരുന്നു. ഇന്നും ഉമ്മാനോട് പറയുന്ന പരാതിയാണത്. കൂട്ടുകാരുടെയും കസിന്‍സിന്റെയും സൈക്കിള്‍ ചവിട്ടിയാണ് പഠിച്ചത്. ആദ്യമായി സൈക്കിള്‍ വാങ്ങി തന്നത് കല്യാണം കഴിഞ്ഞപ്പോള്‍ കിട്ടിയ വാപ്പായാണെന്നും റസീന കൂട്ടിച്ചേര്‍ത്തു.
റസീന എം എ പങ്കുവച്ച കുറിപ്പ് വായിക്കാം;
പെണ്‍കുട്ടികള്‍ വണ്ടിയോടിക്കാന്‍ പാടില്ല എന്ന് കേട്ടാണ് വളര്‍ന്നത്. അതിന്റെ യുക്തിയില്ലായ്മ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ ഉത്തരമൊക്കെ ബഹു വിറ്റാണ്. വിഡിയോ ഹറാമല്ലാതായത് പോലെ, മലയാളം ഖുര്‍ആന്‍ വായിക്കല്‍ ഹറാമല്ലാതായത് പോലെ, ടിവിയും റേഡിയോയും ഹറാമല്ലാതായത് പോലെ സ്ത്രീകളുടെ ഡ്രൈവിങ്ങും ഇപ്പോള്‍ ഹറാമല്ലാതായിട്ടുണ്ട്.
സന്തോഷം. ചെറുപ്പത്തില്‍ സൈക്കിള്‍ വലിയ സ്വപ്നമായിരുന്നു. ഇന്നും ഉമ്മാനോട് പറയുന്ന പരാതിയാണത്. കൂട്ടുകാരുടെയും കസിന്‍സിന്റെയും സൈക്കിള്‍ ചവിട്ടിയാണ് പഠിച്ചത്. ആദ്യമായി സൈക്കിള്‍ വാങ്ങി തന്നത് കല്യാണം കഴിഞ്ഞപ്പോള്‍ കിട്ടിയ വാപ്പായാണ്. വിവാഹം കഴിഞ്ഞുവന്ന നാളുകളില്‍ ഏറ്റവും കൗതുകപ്പെടുത്തിയ ഒന്നായിരുന്നു സകല പെണ്‍കുട്ടികളും ആണ്‍കുട്ടികളും സൈക്കിള്‍ ചവിട്ടി സ്കൂളിലും കോളജിലും ജോലിക്കുമൊക്കെ പോകുന്ന കാഴ്ച. (പിന്നീട് സൈക്കിള്‍ സ്കൂട്ടറിന് വഴി മാറി എങ്കിലും സൈക്കിളില്‍ സ്കൂളില്‍ പോകുന്ന കുട്ടികള്‍ ഇവിടെ സ്ഥിരം കാഴ്ചയാണ്.) എന്റെ നാട്ടില്‍ സൈക്കിള്‍ ഒക്കെ എന്നേ അന്യം നിന്നിരുന്നു.
സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടികളാവട്ടെ അപൂര്‍വവും. ഇന്നിപ്പോള്‍ പെണ്‍കുട്ടികള്‍ സ്കൂട്ടര്‍ ഓടിക്കുന്നത് ഏറ്റവും സാധാരണമായ ഒന്നായി മാറി. എവിടെയും. എത്ര മനോഹരമായ കാഴ്ചയാണ്! പതിനെട്ടു വയസായാല്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും ഡ്രൈവിങ് ലൈസന്‍സ് എടുത്തിരിക്കണം. അതവര്‍ക്ക് ചിറക് നല്‍കും. സ്വന്തമായി വണ്ടിയുണ്ടാവുക, അതോടിച്ചു പോയി സ്വയം കാര്യങ്ങള്‍ ചെയ്യുക എന്നത് സ്വയം പര്യാപ്തതയുടെ ആദ്യ പടിയാണ്. എല്ലാ സ്ത്രീകളും പെണ്‍കുട്ടികളും നിര്‍ബന്ധമായും പഠിക്കുകയും പ്രയോഗിക്കുകയും വേണം ഡ്രൈവിംഗ്. അത് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. അത് സൈക്കിളാവട്ടെ, സ്കൂട്ടറാവട്ടെ, കാറാവട്ടെ അല്ലെങ്കില്‍ മറ്റെന്തുമാവട്ടെ.
Discussion about this post