ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ വാക്സിൻ ഗർഭിണികൾക്കും നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡിനെ ചെറുക്കാൻ വാക്സിൻ ഗർഭിണികൾക്ക് ഉപയോഗപ്രദമാണെന്നും അവർക്ക് വാക്സിൻ കുത്തിവെപ്പ് നൽകണമെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവയാണ് അറിയിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് അവലോകന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗർഭിണികൾക്കും വാക്സിൻ സ്വീകരിക്കാമെന്ന മാർഗനിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഇതുവരെ ഒരുരാജ്യം മാത്രമാണ് കുട്ടികൾക്ക് വാക്സിൻ നൽകിയത്. ഇന്ത്യയിൽ രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ വാക്സിൻ നൽകുന്നത് സംബന്ധിച്ച പഠനങ്ങൾ നടക്കുകയാണെന്നും സെപ്റ്റംബറിൽ ഇതിന്റെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വളരെ ചെറിയ കുട്ടികൾക്ക് വാക്സിൻ നൽകണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നാണ് നിലവിലെ തീരുമാനം. കുട്ടികൾക്ക് വലിയതോതിൽ വാക്സിൻ നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post