പാലക്കാട്: തൃത്താലയിൽ പരുതൂരിൽ കോവിഡ് ബാധിച്ച് മരിച്ച ഗായകനും യൂട്യൂബറുമായ ഷഹീറിന്റെ മക്കൾക്ക് യുഎസിലെ സുഹൃത്ത് സഹായമെത്തിക്കുമെന്ന സന്തോഷ വാർത്ത പങ്കുവെച്ച് നിയമസഭാ സ്പീക്കർ എംബി രാജേഷ്. ഈയടുത്ത് ഷഹീറിന്റെ വീട്ടിൽ സന്ദർശനത്തിന് എത്തിയ സ്ഥലം എംഎൽഎയായ എംബി രാജേഷ് കുടുംബത്തിന്റെ നിസഹായവസ്ഥയും വിവരിച്ചിരുന്നു. ഷഹീറിന്റെ യൂട്യൂബ് ചാനൽ മക്കളായ സനയും ഹനയുമാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നതെന്നും കുടുംബത്തിന്റെ ഉപജീവമാർഗ്ഗമായ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
ഇതിന് പിന്നാലെ കുട്ടികളുടെ പഠനത്തിനായും മറ്റും ഒട്ടേറെ സഹായങ്ങൾ ഈ കുടുംബത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ എംബി രാജേഷിന്റെ അമേരിക്കയിൽ താമസിക്കുന്ന സുഹൃത്ത് ഹനമോളുടെയും സന മോളുടെയും വിദ്യാഭ്യാസ ചെലവ്, പഠിക്കാൻ ആഗ്രഹിക്കുന്ന കാലത്തോളം പൂർണ്ണമായും ഏറ്റെടുക്കാമെന്നും പ്രതിമാസം ഒരു നിശ്ചിത തുക കുടുംബത്തിന് നൽകാമെന്നും അറിയിച്ചിരിക്കുകയാണ്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ സുഹൃത്തിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി അറിയിച്ചിരിക്കുകയാണ് സ്പീക്കർ എംബി രാജേഷ്.
സ്പീക്കർ എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഒരു സന്തോഷ വാർത്ത ഇവിടെ പങ്കുവക്കട്ടെ.
തൃത്താലയിലെ പരുതൂരിൽ കോവിഡ് ബാധിച്ചു അകാലത്തിൽ പൊലിഞ്ഞു പോയ യുട്യൂബറും ഗായകനുമായിരുന്ന ഷഹീർ എന്ന ചെറുപ്പക്കാരന്റെ വീട് സന്ദർശിച്ചതും ഷഹീറിന്റെ മക്കളായ സനയെയും ഹനയെയും കുറിച്ച് എഴുതിയിരുന്നതും ഓർക്കുന്നുണ്ടാവുമല്ലോ (പോസ്റ്റ് ലിങ്ക് ആദ്യ കമന്റ് ആയി ചേർക്കുന്നു )
ആ പോസ്റ്റിനോട് വളരെ വൈകാരികമായി തന്നെ നിരവധി ആളുകൾ പ്രതികരിച്ചിരുന്നു. മൂവായിരത്തിലുമധികം ആളുകൾ ആ എഫ് ബി പോസ്റ്റിനെ തുടർന്ന് സനയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയുമുണ്ടായി.
ഈ പോസ്റ്റ് കണ്ട എന്റെ അമേരിക്കയിലെ ഒരു സുഹൃത്ത് ആ കുടുംബത്തെ സഹായിക്കാനായി മുന്നോട്ടു വന്നത് ഇപ്പോൾ പതിന്മടങ്ങു സന്തോഷമുളവാക്കുന്നതാണ്.
ഹനമോളുടെയും സന മോളുടെയും വിദ്യാഭ്യാസ ചെലവ്, പഠിക്കാൻ ആഗ്രഹിക്കുന്ന കാലത്തോളം പൂർണ്ണമായും ഏറ്റെടുക്കാമെന്നും പ്രതിമാസം ഒരു നിശ്ചിത തുക കുടുംബത്തിന് നൽകാമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ സുഹൃത്ത് അറിയിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ആ സുഹൃത്തിന്റെ നന്മക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദിയും സ്നേഹവും അറിയിക്കുന്നു.മറ്റുള്ളവർക്കും ഇതൊരു പ്രചോദനമാവുമെന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post