മൂന്നാർ: പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീർക്കാഴ്ചകളിൽ ഒന്നായ ‘കുവി’ എന്ന വളർത്തുനായയെ പോലീസിൽ നിന്നും സ്വന്തമാക്കിയിട്ടും പരിപാലിക്കാനാകാതെ വീട്ടമ്മ. ഇവർ കൈയ്യൊഴിഞ്ഞതോടെ കുവിയെ പോലീസ് ശ്വാന പരിശീലകൻ ഏറ്റെടുത്തു. ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകൻ അജിത് മാധവനാണ് കുവിയെ ഏറ്റെടുത്തത്. പോലീസ് ശ്വാനസേനയിൽ അംഗമാക്കാൻ വേണ്ടി കുവിയെ പരിശീലിപ്പിക്കുന്നതിനിടെ വീട്ടുകാർക്ക് വിട്ടുനൽകിയത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കുവിയുടെ പരിപാലന ചെലവ് താങ്ങാനാകാതെ വീട്ടുകാർ കുവിയെ കൈയ്യൊഴിഞ്ഞതും.
2020ലെ പെട്ടിമുടി ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കളിക്കൂട്ടുകാരിയായ രണ്ടര വയസുകാരി ധനുഷ്‌കയുടെ മൃതദേഹം തിരിച്ചറിഞ്ഞാണ് കുവി ജനഹൃദയത്തിലേറിയത്. പുഴയിൽ വീണുകിടന്ന മരത്തിൽ തങ്ങിയ നിലയിൽ ദുരന്തം നടന്ന് നാലാം ദിനമാണ് ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയത്. കുവി അതേസ്ഥലത്തുനിന്നും മാറാതെ തുടർച്ചയായി കുരച്ചുകൊണ്ടിരിക്കെയാണ് രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തി മൃതദേഹം വീണ്ടെടുത്തത്.
കുവിയുടെ പ്രത്യേക കഴിവ് തിരിച്ചറിഞ്ഞ ശ്വാന പരിശീലകൻ അജിത് ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തുകയായിരുന്നു. തുടർന്ന് ഓഗസ്റ്റ് 20ന് കുവിയെ ഡോഗ് സ്‌ക്വാഡ് ഏറ്റെടുത്തു. രണ്ടായിരത്തോളം രൂപ ദിവസവും ചെലവിട്ടായിരുന്നു പരിശീലനം. എന്നാൽ ഇതിനിടെ ധനുഷ്‌കയുടെ അച്ഛമ്മയായ പളനിയമ്മാൾ കുവിയെ തിരികെ വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. തുടർന്ന് രണ്ടുമാസം മുമ്പ് കുവിയെ ഇവർക്ക് നൽകുകയായിരുന്നു.
എന്നാൽ പളനിയ്മയ്ക്ക് കുവിയെ ശരിയായി പരിപാലിക്കാനാകുമായിരുന്നില്ല. തെരുവുനായകൾക്കൊപ്പമായിരുന്നു കുവി കഴിഞ്ഞിരുന്നത്. ഇതിനിടെ കുവി ഗർഭിണിയായതോടെ പളനിയമ്മ തനിക്ക് ഇനിയും സംരക്ഷിക്കാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ അജിത് സുഹൃത്ത് രഘുവിനോടൊപ്പം എത്തി നായയെ ഏറ്റെടുത്തു. നായയുടെ മേൽ ഇനി ഒരു അവകാശവുമില്ലെന്ന് എഴുതി നൽകിയാണ് പളനിയമ്മയെ കുവിയെ വിട്ടുനൽകിയിരിക്കുന്നത്.
പ്രസവത്തിന് ശേഷം കുവിയെ പരിശീലനത്തിലേക്ക് തിരിച്ചെത്തിക്കും. ഗർഭിണിയായ കുവിയുടെ മേൽ മറ്റ് നായ്ക്കൾ കടിച്ചതിന്റെ പാടുകളുമുണ്ട്.