കിരണിന് കുരുക്ക് മുറുകുന്നു; സഹോദരി ഭർത്താവിനേയും ചോദ്യം ചെയ്യും; ചെക്ക്‌പോസ്റ്റിൽ ജോലി ചെയ്തിരുന്ന കാലത്തെ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കും

കൊല്ലം: വിസ്മയയുടെ മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണ സംഘം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടേയും ഫോറൻസിക് ഡയറക്ടറുടേയും വിശദമായ മൊഴി രേഖപ്പെടുത്തി. പോസ്റ്റുമോർട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്ന് ഡോക്ടർമാരുടേയും ഫോറൻസിക് ഡയറക്ടർ ശശി കലയുടേയും മൊഴികളാണ് എടുത്തത്.

ശുചിമുറിയുടെ ജനാലയിൽ കെട്ടിയിരുന്ന ടർക്കി കഴുത്തിൽ മുറുകിയാണ് വിസ്മയ മരിച്ചത്. ഇത് വിസ്മയ സ്വയം ചെയ്തതാണോ അതോ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണോ എന്നതാണ് ഉയരുന്ന സംശയം. ഇതിൽ വ്യക്തത വരുത്താനാണ് ഡോക്ടർമാരുടെ സഹായം പോലീസ് തേടുന്നത്.

വിസ്മയയുടെ കഴുത്തിലെ പാടുകൾ, അതിന്റെ ആഴം, സ്വയം തൂങ്ങുമ്പോഴും മറ്റൊരാൾ കെട്ടിത്തൂക്കുമ്പോഴുമുള്ള വ്യത്യാസം, ടർക്കി കഴുത്തിൽ മുറുകുമ്പോഴും മറ്റൊരാൾ മുറുക്കുമ്പോഴുമുള്ള മാറ്റം തുടങ്ങിയ ചോദ്യങ്ങൾക്കും അന്വേഷണ സംഘം ഡോക്ടർമാരിൽ നിന്ന് ഉത്തരം തേടി. ശുചി മുറിയിൽ സംഭവ ദിവസം ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. വിസ്മയയുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, കിരണിന്റെ അയൽക്കാർ, സഹപ്രവർത്തകർ തുടങ്ങിയവരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തി.

കിരണിനെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകുന്നതിനോടൊപ്പം പോലീസ് സംഘം ഇയാളുടെ സഹോദരി ഭർത്താവിനേയും ചോദ്യം ചെയ്യും. ജനുവരി 2ന് നടന്ന സംഭവത്തിൽ സഹോദരി ഭർത്താവ് അടക്കമുള്ളവരെത്തി വിസ്മയയുടെ കുടുംബത്തോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിച്ചത്. സഹോദരി ഭർത്താവിനും ഗാർഹിക പീഡനത്തിലും മാനസിക പീഡനത്തിലും പങ്കുണ്ടെന്ന് വിസ്മയയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

കിരണിന്റെ ഫോണുകൾ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാക്കി. ഇവയുടെ വിശദാശംങ്ങൾ ഉടൻ ലഭിക്കും. കിരണിന്റെ അക്കൗണ്ടുകളിലെ ഇടപാടുകളും പോലീസ് വിശദമായി പരിശോധിക്കുകയാണ്. കിരൺ കുമാറിനെതിരേ വിജിലൻസ് അന്വേഷണവും ആരംഭിക്കുമെന്നാണ് സൂചന. ആര്യംകാവ് ചെക്‌പോസ്റ്റിൽ കിരൺകുമാർ ജോലി ചെയ്തിരുന്ന സമയത്ത് അവിടെ വിജിലൻസ് പരിശോധനയുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനാണ് വിജിലൻസ് തീരുമാനം.

Exit mobile version