തൊടുപുഴ: 24ദിവസത്തെ ചികിത്സയ്ക്കുശേഷം ആരോഗ്യവാനായി അജീഷ് പോള്‍ തിരിച്ചെത്തി. മാതാപിതാക്കളുടെ അടുത്തേയ്ക്ക് എത്തിയ അജീഷിനെ മാതാപിതാക്കള്‍ നിറകണ്ണുകളോടെ സ്വീകരിച്ചു. കല്ലുകൊണ്ട് തലയ്ക്ക് ഇടിയേറ്റ അജീഷിന്റെ തലയോട്ടി തകര്‍ന്നിരുന്നു. ജീവനോടെ തിരികെ ലഭിക്കണമെന്ന മാതാപിതാക്കളുടെ കണ്ണീരോടെയുള്ള പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനുമാണ് ഇപ്പോള്‍ ഫലമുണ്ടായത്.
തലയില്‍ മുറിവുകള്‍ ബാക്കിയുണ്ട്, എങ്കിലും തിരികെ എത്തിയതിന്റെ സന്തോഷം വീട്ടില്‍ അലയടിച്ചു. അതേസമയം ഓര്‍മ്മ ശക്തി പൂര്‍ണ്ണമായും തിരികെ ലഭിച്ചിട്ടില്ല. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു അജീഷിന് നേരെ അക്രമി പാഞ്ഞടുത്തത്. കല്ല് കൊണ്ടു തലയ്ക്ക് അടിച്ചായിരുന്നു ആക്രമണം. മറയൂരില്‍ വെച്ച് ജൂണ്‍ ഒന്നിനായിരുന്നു ആക്രമണം നടന്നത്. സിവില്‍ പോലീസ് ഓഫീസറാണ് അജീഷ് പോള്‍.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് നടത്തിയ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്കൊടുവിലാണ് അജീഷ് ജീവിതത്തിലേയ്ക്ക് മടങ്ങിയത്. ഇപ്പോള്‍ മറ്റ് പ്രശ്നങ്ങളില്ലെങ്കിലും ഓര്മ പൂര്‍ണമായി വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ചില സഹപ്രവര്‍ത്തകരെയൊക്കെ തിരിച്ചറിയാന്‍ അജീഷിന് കഴിയുന്നുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും ആശുപത്രിയില്‍നിന്ന് വീടുവരെ അജീഷിന് ഒപ്പമുണ്ടായിരുന്നു. എന്നും കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസം പകര്‍ന്നാണ് അവര്‍ മടങ്ങിയത്.
Discussion about this post