കൊച്ചി: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനെത്തിയ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് സംവിധായകന് ആഷിഖ് അബു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വനിതാ കമ്മീഷന് അധ്യക്ഷ ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മിപ്പിക്കുന്നുവെന്ന് ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു. ‘വനിതാ കമ്മീഷന് അധ്യക്ഷ ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പു പറഞ്ഞ് സ്ഥാനമൊഴിയണം,’ ആഷിഖ് ഫേസ്ബുക്കിലെഴുതി.
കഴിഞ്ഞ ദിവസമാണ്, ഫോണ്‍ ഇന്‍ പരിപാടിക്കിടെ എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയോട് മോശമായി സംസാരിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന് പിന്നീട് പോലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.
എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നും ജോസഫൈന് മറുപടി നല്‍കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദത്തിലേയ്ക്ക് കൂപ്പുകുത്താന്‍ ഇടയാക്കിയത്. വേണമെങ്കില്‍ കമ്മീഷനില്‍ പരാതി നല്‍കിക്കോളൂ എന്നാല്‍ സ്ത്രീധനം തിരിച്ചുകിട്ടണമെങ്കില്‍ നല്ലൊരു വക്കീലിനെ വെച്ച് കുടുംബകോടതിയെ സമീപിക്കണമെന്നാണ് ജോസഫൈന് പിന്നീട് പറയുന്നത്.
Discussion about this post