കൽപറ്റ: രാഷ്ട്രീയ പരമായ ആരോപണങ്ങൾ ഇപ്പോൾ വ്യക്തിഹത്യയിലേക്ക് വഴി മാറിയിരിക്കുകയാണെന്ന് സികെ ജാനു. ആദിവാസിയായ സ്ത്രീയെന്ന നിലയിൽ തന്നെ എല്ലാതരത്തിലും കടന്നാക്രമിക്കുന്ന രീതിയാണ് ഇപ്പോൾ കാണുന്നതെന്നും അത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു കാരണവശാലും തനിക്കെതിരായ കേസിൽ നിന്ന് പുറകോട്ട് പോകില്ല. നിയമനടപടികളെ നേരിടാൻ തയ്യാറാണെന്നും സികെ ജാനു വ്യക്തമാക്കി.
സികെ ജാനുവിന് ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പണം കൈമാറിയെന്ന് ജെആർപി സംസ്ഥാന ട്രഷർ പ്രസീത വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സികെ ജാനു.
‘ഓരോ വിവാദങ്ങൾ വന്നപ്പോഴും കൃത്യമായ മറുപടി ഞാൻ നൽകിയിട്ടുണ്ട്. എന്നാൽ ആ മറുപടിയിൽ തൃപ്തിയില്ല എന്ന നിലയിൽ വീണ്ടും വിവാദങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ ആക്രമണങ്ങൾക്ക്ആദിവാസി സ്ത്രീകൾ രാഷ്ട്രീയ രംഗത്തേക്ക് വരാൻ പാടില്ലെന്ന ചിന്ത യഥാർഥത്തിൽ ഉണ്ടോ? പിറകിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ അറിയാം. എന്നാൽ ഇപ്പോൾ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയിലുളള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
സികെ ജാനുവിന് പുതിയൊരു വീട് ഉണ്ടാക്കാൻ പറ്റില്ല, വണ്ടി വാങ്ങാൻ പറ്റില്ല, സാരി വാങ്ങാൻ പറ്റില്ല. പ്രാചീനയുഗത്തിലെ കാലഘട്ടമാണോ ഇപ്പോൾ നടക്കുന്നത്. ഇത്തരം കാര്യങ്ങൾ ഒന്നും ആദിവാസിയായ സ്ത്രീയെന്ന നിലയിൽ എനിക്ക് ഉപയോഗിച്ചുകൂടെ.ഒരു സ്ത്രീ എന്ന നിലയിൽ, ഒരു ആദിവാസി എന്ന നിലയിൽ, ആദിവാസി രാഷ്ട്രീയം പറയാൻ പാടില്ല, രാഷ്ട്രീയ രംഗത്തേക്ക് വരാൻ പാടില്ല തുടങ്ങി എല്ലാതലത്തിലും കടന്നാക്രമിക്കുന്ന ഒരു രീതി അത്ര നല്ലതല്ല. അത് ജനാധിപത്യ കേരളത്തിന് അപമാനമാണ്.’ സികെ ജാനു പറഞ്ഞു.
ഇത്തരം നടപടികൾ ജനാധിപത്യബോധമുളളവർക്ക് യോജിച്ചതല്ലെന്ന് പറഞ്ഞ ജാനു താൻ ആത്മഹത്യ ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു. ഒരു വാർത്ത ഉണ്ടാകുമ്പോൾ അതിനെ കുറിച്ച് അടിസ്ഥാനപരമായി പരിശോധിക്കുകയൊന്നും ചെയ്യാതെ പ്രസ്താവന നടത്തുന്നത് നല്ല ശീലമല്ല. എനിക്കെതിരേ വന്നിട്ടുളളവർ കേസുമായി കോടതിയിലാണ്. കേസ് അതിന്റെ രീതിയിൽ നടക്കട്ടേ, തെളിവുകൾ കോടതിയിൽ ഹാജരാക്കട്ടേ. അതിന് അനുസരിച്ചുളള നിയമനടപടികൾ ഉണ്ടാക്കട്ടേ. നിയമനടപടികളിൽ നിന്ന് ഞാൻ ഒളിച്ചോടില്ല. ഒരുപാട് കേസുകളും പീഡനങ്ങളും നേരിട്ട വ്യക്തിയാണ്. ജയിൽ എനിക്ക് പുതിയ സംവിധാനമല്ല. ഒരു കാരണവശാലും ഒരു കേസിൽ നിന്നും ഞാൻ പുറകോട്ട് പോകില്ലെന്നും അവർ പറഞ്ഞു.
Discussion about this post