കൊച്ചി: കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ സധൈര്യം കടലില്‍ മത്സ്യബന്ധനത്തിറങ്ങിയതാണ് രേഖ എന്ന പെണ്‍കൊടി. കടലിലെ ശക്തമായ തിരമാലകളെ വകവെക്കാതെ തന്റെ കര്‍ത്തവ്യത്തില്‍ മുഴുകി ഈ ധീരവനിത. രേഖ കാര്ത്തികേയന് ഇന്ന് വനിതാ കര്‍ഷക സംഗമത്തില്‍ താരമാണ്. അന്ന് താന്‍ അനുഭവിച്ച പ്രയാസങ്ങള്‍ തുറന്ന് പറഞ്ഞപ്പോള്‍ അറിയാതെ സദസ്സിന്റെ കണ്ണൊന്നു നിറഞ്ഞു.
കടലില്‍ പോയി മത്സ്യബന്ധനം നടത്തുന്ന ഇന്ത്യയിലെ ഏക വനിതയാണ് രേഖ. തൃശൂര്‍ ജില്ലയിലെ ചേറ്റുവ സ്വദേശിയാണ് രേഖ കാര്ത്തികേയന്. ഏകദേശം 50 കിലോമീറ്റര്‍ വരെദൂരം കടലില്‍ ഫൈബര്‍ വള്ളത്തില്‍ മീന്‍പിടിത്തം നടത്തുന്ന രേഖ, തന്റെ ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥയാണ് സദസ്യരുമായി പങ്കുവെച്ചത്.
കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും കഴിവ് തെളിയിക്കാനാകുമെന്ന് രേഖ വ്യക്തമാക്കി. അതേസമയം ജീവിതത്തില്‍ വിജയം കണ്ടെത്തിയ സ്മിജി ടിഎം തന്റെ അനുഭവങ്ങളും പങ്കുവെച്ചു. പ്രളയത്തില്‍ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും കൂടു മത്സ്യകൃഷിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് സ്മിജി പറഞ്ഞത്. മത്സ്യമേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 20 ഓളം സ്ത്രീകള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. മത്സ്യബന്ധനം, കൂടുമത്സ്യ കൃഷി, കക്കവര്‍ഗ കൃഷി, അലങ്കാരമത്സ്യ കൃഷി, ചീനവല, മത്സ്യവള നിര്‍മാണം, കക്കസംസ്കരണം, ഉണക്കമത്സ്യ നിര്‍മാണം, അക്വാ ടൂറിസം, സമ്മിശ്ര കൃഷിതുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളാണ് അനുഭവങ്ങള്‍ പങ്കുവെച്ചത്.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിച്ച മഹിളാ കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സംഗമത്തിലാണ് കടലില്‍ മത്സ്യബന്ധനം നടത്തുന്ന ഇന്ത്യയിലെ ഏക വനിതയായ രേഖ കാര്ത്തികേയന് ജീവിതാനുഭവം വെളിപ്പെടുത്തിയത്.
ഡോ വി കൃപ, ഡോ ഷോജി ജോസഫ്, ഡോ രമ മധു, ഡോ എന്‍ അശ്വതി എന്നിവര്‍ പാനല്‍ ചര്‍ച്ചക്ക് നേതൃത്വം നല്കി. സ്ത്രീകളിലെ പൊതുവായ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സിലെ ഡോ വിനീത മുരളി സംസാരിച്ചു. ഡോ കെ കെ ജോഷി, ഡോ സി രാമചന്ദ്രന്, ഡോ വിപിന്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post