മാവേലിക്കര: ഡ്യൂട്ടി ചെയ്യുന്നതിനിടെ പോലീസുകാരൻ ആക്രമിച്ചതിൽ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർ രാജിവെച്ചു. തന്നെ മർദ്ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവാണ് രാജിവെക്കുന്നതായി അറിയിച്ചത്. ഫേസ്‌ക്കിബുക്കിലൂടെയാണ് രാഹുൽ മാത്യു ഇക്കാര്യം അറിയിച്ചത്.
സംഭവം കഴിഞ്ഞ് 40 ദിവസം പിന്നിട്ടിട്ടും പ്രതിയായ പോലീസുകാരനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇടതുപക്ഷക്കാരനായിട്ടു പോലും താൻ ചതിക്കപ്പെട്ടുവെന്നാണ് രാഹുൽ പറയുന്നത്. മേയ് 14നാണ് ചികിത്സയിൽ വീഴ്ചയുണ്ടെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രൻ ഡോക്ടറെ മർദിച്ചത്.
അഭിലാഷിന്റെ മാതാവിനെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനുതൊട്ടടുത്ത ദിവസമാണ് അഭിലാഷ് ആശുപത്രിയിലെത്തി രാഹുൽ മാത്യുവിനെ മർദിച്ചത്.
അതേസമയം, രാഹുൽ മാത്യുവിനെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെജിഎംഒഎ രംഗത്തെത്തിയിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കും.
രാവിലെ 10 മണി മുതൽ 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിർത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ ഭാരവാഹികൾ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐപി ചികിത്സ, കോവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്ക് മുടക്കമുണ്ടാവില്ലെന്നും കെജിഎംഒഎ വ്യക്തമാക്കി.
Discussion about this post