ശാസ്താംകോട്ട: എസ്വി വിസ്മയയും ഭർത്താവ് കിരൺ കുമാറും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ നിസ്സാരമായിരുന്നെന്ന് പ്രതികരിച്ച് കിരണിന്റെ മാതാപിതാക്കൾ. ഇവരുടെ ഇടയിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ല. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഇരുവരും തമ്മിലുണ്ടായിരുന്നെന്ന്ാണ് അച്ഛൻ സദാശിവൻ പിള്ള പറയുന്നത്. ഇരുവരും തമ്മിൽ നല്ല സ്നേഹത്തിലായിരുന്നെന്നും തന്റെ മകളെപ്പോലെയാണ് വിസ്മയയെ കരുതിയിരുന്നതെന്നു അമ്മ ചന്ദ്രമതിയമ്മ പറയുന്നു.
സംഭവദിവസം രാത്രി ഭക്ഷണശേഷം രണ്ടുപേരും മുറിയിലേക്കു പോയി. അൽപ്പനേരം കഴിഞ്ഞപ്പോൾ ബഹളം കേട്ടു. ഞങ്ങൾ ഇരുവരും മുകളിലത്തെ നിലയിലെത്തി. വിസ്മയ വീട്ടിൽ പോകണമെന്നാവശ്യപ്പെട്ട് ബഹളംവെച്ചു. ഇടയ്ക്കൊക്കെ വിസ്മയ ഇത്തരത്തിൽ വീട്ടിൽപോകണമെന്ന് പറഞ്ഞ് വാശി പിടിക്കുമായിരുന്നു. നേരം വെളുക്കട്ടെ, ഈ രാത്രിയിൽ എങ്ങനെയാണ് ഇത്രയും ദൂരം പോകുന്നതെന്ന് കിരണിന്റെ അച്ഛൻ ചോദിച്ചു. രാവിലെ പോകാമെന്നു പറഞ്ഞ് സമാധാനിപ്പിച്ച് ഉറങ്ങാൻ പറഞ്ഞെന്നും കിരണിന്റെ അമ്മ പറയുന്നു.
തിരികെ ഞങ്ങൾ താഴെയെത്തി ഉറങ്ങാൻ കിടന്നു. അൽപ്പസമയം കഴിഞ്ഞപ്പോഴായിരുന്നു മകന്റെ കരച്ചിൽ കേട്ടത്. നിലവിളിക്കുകയായിരുന്നു കിരൺ. ചെന്നുനോക്കുമ്പോൾ കിരൺ വിസ്മയയുടെ നെഞ്ചിൽ ശ്വാസം കിട്ടാനായി അമർത്തുകയായിരുന്നു. കതക് തകർത്താണ് ശൗചാലയത്തിൽ കയറിയതെന്ന് ബോധ്യപ്പെട്ടു. വിസ്മയ അബോധാവസ്ഥയിൽ ആയിരുന്നെന്നാണ് കരുതിയത്. ബന്ധുവായ രണ്ടുപേരെ വിളിച്ചുവരുത്തി കാറിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെവെച്ചാണ് മരിച്ചതെന്ന് അറിയുന്നത്-സദാശിവൻ പിള്ളയും ചന്ദ്രമതിയമ്മയും പറയുന്നു.
Discussion about this post