ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയ ഇന്ന് കേരളത്തിന്റെ നോവാണ്. ഇപ്പോള്‍ വിസ്മയ പ്രണയദിനത്തില്‍ പങ്കെടുത്ത മത്സരത്തില്‍ എഴുതിയ കത്താണ് വൈറലാകുന്നത്. കത്ത് എഴുതിയതാകട്ടെ, നടന്‍ കാളിദാസ് ജയറാമിനും. വിസ്മയയുടെ സുഹൃത്താണ് ഓര്‍മ്മ കത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വിസ്മയയുടെ പേര് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ ആ കത്ത് കാളിദാസ് ജയറാമിന്റെ അടുത്തെത്തുകയും ചെയ്തു. ഏറെ ദുഖത്തോടെ കത്ത് കാളിദാസ് ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.
വിസ്മയയുടെ വിയോഗവും അതിലേക്ക് അവളെ നയിച്ച കാരണങ്ങളും വേദനയുളവാക്കുന്നു. ഇതൊരിക്കലും സ്വീകാര്യമല്ല. ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ കോണിലുള്ള വിവരങ്ങളും അറിയാന്‍ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. സോഷ്യല്‍ മീഡിയില്‍ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുക്ക് നമ്മുടെ പെണ്‍കുട്ടികളെ മുന്നോട്ട് കൊണ്ടുവരണമെന്ന് കാളിദാസ് കുറിക്കുന്നു.
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നായിരുന്നു കൊല്ലം സ്വദേശിയായ വിസ്മയ ജീവനൊടുക്കിയത്. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ മാതാപിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരിക്കുകയാണ്.
Discussion about this post