കുമരകം: കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണില്‍ വന്‍ തിരിച്ചടി നേരിട്ടത് സ്വകാര്യ ബസ് മേഖലയാണ്. പല ബസുകളും നിരത്തിലിറക്കാന്‍ സാധിക്കാതെ കട്ടപ്പുറത്ത് കയറേണ്ട സ്ഥിതിയാണ് പലയിടത്തും. ഈ സാഹചര്യത്തില്‍ 22 വര്‍ഷമായി നടത്തി വരുന്ന ബസ് സര്‍വീസ് നശിച്ചുപോകാതിരിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കുടുംബം.
അച്ഛന്‍ ഡ്രൈവറും അമ്മ കണ്ടക്ടറും മകള്‍ ചെക്കറുമായ ആര്‍ച്ച ബസാണ് അതിജീവനത്തിന്റെ വിജയഗാഥയുമായി വേറിട്ട സര്‍വീസ് നടത്തുന്നത്. പതിനാറില്‍ചിറ-മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആര്‍ച്ചയെ ആദ്യഘട്ട ലോക്ഡൗണില്‍ കണ്ടക്ടറും ഡ്രൈവറും ഉപേക്ഷിച്ചുപോയി. പിന്നാലെ, ബസുടമയായ ടി.എസ്.സുനില്‍ കണ്ടക്ടറായും ചെക്കറായും ഡ്രൈവറായും വേഷമണിയുകയായിരുന്നു.
ബസ് സ്റ്റാന്‍ഡില്‍നിന്ന് കയറുന്നവര്‍ക്ക് ടിക്കറ്റ് നല്‍കിക്കഴിഞ്ഞാല്‍ ഇടയ്ക്ക് കയറുന്നവര്‍ ഡ്രൈവര്‍ സീറ്റിന് സമീപമെത്തി പണം നല്‍കുകയായിരുന്നു. എന്നാല്‍, രണ്ടാം കോവിഡിന്റെ ലോക്ഡൗണ്‍ കഴിഞ്ഞതോടെ സുനിലിന് താങ്ങായി ഭാര്യയും മകളും എത്തുകയായിരുന്നു. കണ്ടക്ടറായും ചെക്കറായും ജോലി ചെയ്യാന്‍ ആദ്യം മടിച്ചെങ്കിലും കുടുംബപ്രാരബ്ദങ്ങള്‍ മൂലം പുതിയ ജീവിതത്തിലേയ്ക്ക് കടക്കുകയായിരുന്നു.
ഒറ്റ നമ്പര്‍ ദിവസമാണ് ആര്‍ച്ച സര്‍വീസ് നടത്തുന്നത്. കാര്യമായ വരുമാനമൊന്നും ഇല്ലെങ്കിലും സര്‍വീസ് മുടക്കാതെ ആര്‍ച്ച കൃത്യമായി എത്തുന്നുണ്ട്. രാവിലെ 8.45-ന് ആരംഭിക്കുന്ന സര്‍വീസില്‍ 11.30 വരെ ഭാര്യ രമ്യയാണ് കണ്ടക്ടര്‍. തുടര്‍ന്ന് വൈകീട്ട് ആറുവരെ മകള്‍ ആര്‍ച്ചയും. ഭാര്യയും മകളും എത്തിയതോടെ പുത്തന്‍ ഊര്‍ജമാണ് സുനിലിന് ലഭിച്ചത്.
Discussion about this post