കൊല്ലം:വിസ്മയയുടെ മരണത്തിൽ അന്വേഷണ പുരോഗതി വിലയിരുത്താൻ ദക്ഷിണ മേഖല ഐ.ജി ഹർഷിത അട്ടല്ലൂരി കൊല്ലത്തെത്തും. രാവിലെ 11 മണിക്ക് നിലമേൽ കൈതോടുള്ള വിസ്മയയുടെ വീട്ടിലാകും ആദ്യ സന്ദർശനം.തുടർന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ ശാസ്താംകോട്ട ഡിവൈഎസ്പി രാജ് കുമാർ പുരുഷോത്തമനുമായും കൂടിക്കാഴ്ച നടത്തും.
അന്വേഷണ പുരോഗതി വിലയിരുത്തുകയാണ് ഐജിയുടെ സന്ദർശന ലക്ഷ്യം. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ച പൊലീസ് എത്തി നിൽക്കുന്നത് തൂങ്ങിമരണം എന്ന പ്രാഥമിക നിഗമനത്തിലാണ്. എന്നാൽ മരണത്തിലെ അസ്വാഭാവികത ഉൾപ്പെടെ വിശദമായി പരിശോധിക്കും. ഇതിൻറെ ഭാഗമായി പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തും.
കേസിൽ കിരണിന്റെ മാതാപിതാക്കളെ പ്രതി ചേർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കിരണിന്റെ കുടുംബത്തെ ചോദ്യംചെയ്‌തേക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻറ് ചെയ്തു. മകളുടെ മരണം കൊലപാതകം എന്ന നിലപാടിൽ കുടുംബം ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. .അന്വേഷണത്തിൽ നീതി ലഭിക്കും എന്നാണ് പെൺകുട്ടിയുടെ കുടുംബത്തിൻറെ പ്രതീക്ഷ.
Discussion about this post