തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാം. ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങൾ തുറക്കുന്നത്.ഒരേസമയം പരമാവതി 15 പേർക്ക് മാത്രമായിരിക്കും പ്രവേശനം നൽകുക.
ഇപ്പോൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നില്ല. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ബാങ്കിലോ ബാങ്ക് ബ്രാഞ്ചുകളിലോ പ്രവേശനം ഉണ്ടാവില്ല എന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസവും ബാങ്കുകൾക്ക് പ്രവർത്തനാനുമതി നൽകും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ൽ താഴെയുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും. ടിപിആർ 16നും 24നും ഇടയിലുള്ള ഇടങ്ങളിൽ 25 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും. ടെലിവിഷൻ പരമ്പരകൾക്കും ഇൻഡോർ ഷൂട്ടിംഗുകൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകി.
കാറ്റഗറി എ യിലും ബി യിലും പെട്ട പ്രദേശങ്ങളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെയും, കാറ്റഗറി സി യിൽ എല്ലാ സർക്കാർസ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെയും ഉൾപ്പെടുത്തി പ്രവർത്തനം അനുവദിക്കും.
ജൂലൈ ഒന്നുമുതൽ മെഡിക്കൽ കോളേജുകളിൽ ക്ലാസ് തുടങ്ങും. തമിഴ്നാട്ടിൽ ലോക്ഡൗൺ തുടരുന്നതിനാൽ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ മദ്യശാലകൾ അടച്ചിടും. വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കുന്നത് ആലോചനയിലാണ്. രോഗവ്യാപന തോതിൽ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച വേഗം കൈവരാത്ത സാഹചര്യത്തിലാണ് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടുന്നത്.
Discussion about this post