വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് താൻ ഉറച്ചുവിശ്വസിക്കുന്നതെന്ന് സുഹൃത്ത് അശ്വതി. വിസ്മയ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കില്ല. എല്ലാ കാര്യങ്ങളേയും പോസിറ്റീവായി കണ്ടിരുന്ന കുട്ടിയായിരുന്നു വിസ്മയയെന്നും അശ്വതി പറയുന്നു.
സ്ത്രീധനത്തിന്റെ പേരുപറഞ്ഞ് ഭർത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നു എന്നു തന്നോട് വിസ്മയ പറഞ്ഞിട്ടുണ്ടെന്നും അശ്വതി വെളിപ്പെടുത്തുന്നു. സർക്കാർ ഉദ്യോഗസ്ഥനായ കിരണിന് ഇരുപതു ലക്ഷം രൂപയുടെ കാറെങ്കിലും കിട്ടേണ്ടതായിരുന്നു എന്നു പറഞ്ഞായിരുന്നു നിരവധി തവണ വിസ്മയയെ ഉപദ്രവിച്ചിട്ടുള്ളതെന്നും അശ്വതി പറയുന്നു.
അതേസമയം, തന്റെ മകൾ വിസ്മയ ഭർതൃഗൃഹത്തിൽ വെച്ച് ആത്മഹത്യ ചെയ്തതല്ലെന്ന് ആവർത്തിക്കുകയാണ് പിതാവ് ത്രിവിക്രമൻ നായർ. എല്ലാം സഹിച്ചവളാണ് തന്റെ മകളെന്നും ആത്മഹത്യ ചെയ്യാനുള്ള ഒരു സാധ്യതയുമില്ലെന്നും ത്രിവിക്രമൻ നായർ പറഞ്ഞു. ഫാദേഴ്‌സ് ഡേയുടെ അന്ന് ഫോണെടുത്ത് തന്നെ ആശംസറിയിക്കാൻ തുനിഞ്ഞതാണ് കിരണും വിസ്മയയും തമ്മിലുള്ള അവസാന തർക്കത്തിന് കാരണം. തന്നെ വിളിക്കാൻ ഫോണെടുത്തപ്പോൾ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിച്ചു. തുടർന്ന് മർദിക്കുകയും ചെയ്തു. സിം പോലും പൊട്ടിച്ചെറിഞ്ഞുവെന്നും ത്രിവിക്രമൻ പറഞ്ഞു.
‘ഞാൻ കൊടുത്ത വണ്ടി വിറ്റ് പണം നൽകുക എന്നതായിരുന്നു അവന്റെ വലിയ ആവശ്യം. കൊടുത്ത കാറിന് മൈലേജില്ല. കൊള്ളത്തില്ല. ആ വണ്ടി എനിക്ക് വേണ്ട, വേറെ വേണം എന്ന് പറഞ്ഞു. ഞാൻ സിസി ഇട്ട് എടുത്ത വണ്ടിയായതിനാൽ ഇപ്പോൾ വിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അതുകൊണ്ടാണ് അത് വിറ്റ് പണം നൽകാൻ സാധിക്കാഞ്ഞത്. മറ്റുള്ളവർക്ക് പ്രയോജനകരമാകുന്ന രീതിയിലുള്ള ശിക്ഷ അവന് കിട്ടണം’ ത്രിവിക്രമൻ പറഞ്ഞു.