തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ നേരിട്ട കൊടിയ പീഡനത്തിന്റെ പേരില്‍ ജീവനൊടുക്കിയ വിസ്മയ ഇന്ന് കേരളത്തിന്റെ നോവാണ്. ഈ സാഹചര്യത്തില്‍ സ്ത്രീധനത്തിനെതിരെ ക്യാംപെയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഡിവൈഎഫ്‌ഐ. ഫേസ്ബുക്കിലൂടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ് പ്രഖ്യാപനം നടത്തിയത്. ‘അഭിമാനത്തോടെ ഞാന്‍ പറയും . സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല’ എന്ന ക്യാംപെയിനിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
സ്ത്രീധനം ഒരു സാമൂഹ്യ തിന്മയാണ്. നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും ഈ ദുരാചാരം ഇപ്പോഴും പെണ്‍കുട്ടികളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്നു. അതിലേറെ പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നു. ഇതിന് അറുതി വരുത്തേണ്ട സമയമായി. ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരില്‍ പൊലിഞ്ഞുപോകരുത്. പെണ്‍കുട്ടികള്‍ വിവാഹകമ്പോളത്തിലെ ചരക്കല്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് റഹീം കുറിച്ചു.
നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല, സമൂഹം തീരുമാനിക്കാത്തതുകൊണ്ടാണ് സ്ത്രീധനമെന്ന അപരിഷ്‌കൃത ആചാരം ഇന്നും തുടരുന്നത്. ഒരു ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നതില്‍ അളന്നുതൂക്കിയ പണത്തിനോ ആര്‍ഭാടത്തിനോ യഥാര്‍ത്ഥത്തില്‍ ഒരു സ്ഥാനവുമില്ല. സോഷ്യല്‍ സ്റ്റാറ്റസിന്റെ വികലമായ പൊതുബോധം എത്രപേരെയാണ് ആജീവനാന്തം കടക്കാരാക്കുന്നത്? ആര്‍ഭാടത്തിനും പണത്തിനും പെണ്ണിനെക്കാളും പരസ്പരബന്ധത്തെക്കാളും മൂല്യം നിശ്ചയിക്കുന്ന നടപ്പുരീതി എത്ര ജീവനാണ് അവസാനിപ്പിച്ചത്.
സ്ത്രീധനം സൃഷ്ടിച്ച വലിയ ദുരന്തങ്ങളെക്കുറിച്ചുമാത്രമാണ് നാം എപ്പോഴും സംസാരിക്കാറുള്ളത്. എന്നാല്‍ എരിഞ്ഞുജീവിക്കുന്ന പെണ്‍ജീവിതങ്ങള്‍, ഉരുകുന്ന രക്ഷകര്‍ത്താക്കള്‍ ഒട്ടേറെയാണ്. നമുക്കരികില്‍, നമ്മില്‍ പലരുടെയും വീട്ടില്‍ ഇതുപോലെ എത്രയോപേര്‍….ഇനി ഒരാള്‍ കൂടി സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടില്ല എന്ന് നമുക്ക് തീരുമാനിക്കണം. രാഷ്ടീയ ഭേദമന്യേ മുഴുവന്‍ പേരോടും ഈ കാംപയിനില്‍ പങ്കാളികളാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post