കൊല്ലം: വിസ്മയയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിതാവ് ത്രിവിക്രമൻ നായരും സഹോദരൻ വിജിത്തും രംഗത്ത്. വിസ്മയയെ ഭർത്താവ് കിരൺ മാത്രമല്ല അവരുടെ അമ്മയും മർദിച്ചതായാണ് കുടുംബം പറയുന്നത്. അവളെ മർദിക്കുന്നതിന് കിരണിന്റെ വീട്ടുകാരുടെ പിന്തുണയുമുണ്ടെന്നും പിതാവ് ആരോപിച്ചു. വിസ്മയയുടെ സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് ത്രിവിക്രമൻ പറയുന്നത്. നാല് ദിവസം മുമ്പ് അവന്റെ അമ്മ വിസ്മയയെ അടിച്ചിട്ടുണ്ടെന്ന് അവളുടെ കൂട്ടുകാരി ഇന്നലെ അറിയിച്ചു. അമ്മ മർദിച്ച കാര്യം കിരണിനോട് പറഞ്ഞപ്പോൾ നിന്റെ അമ്മ അടിച്ച പോലെ കണ്ടാൽ മതിയെന്നാണ് പ്രതികരിച്ചതെന്ന് കൂട്ടുകാരി പറഞ്ഞെന്നും ത്രിവിക്രമൻ നായർ പറയുന്നു.
ഭർതൃഗൃഹത്തിൽ വെച്ച് ആത്മഹത്യ ചെയ്തതല്ലെന്ന് ആവർത്തിക്കുകയാണ് പിതാവ് ത്രിവിക്രമൻ നായർ. എല്ലാം സഹിച്ചവളാണ് തന്റെ മകളെന്നും ആത്മഹത്യ ചെയ്യാനുള്ള ഒരു സാധ്യതയുമില്ലെന്നും മരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു. എല്ലാം സഹിക്കും നല്ല മനക്കരുത്തുണ്ട്. അതുകൊണ്ടാണ് തന്റെ കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറയുന്നതെന്നും ത്രിവിക്രമൻ വിങ്ങിപൊട്ടികൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഫാദേഴ്സ് ഡേയുടെ അന്ന് ഫോണെടുത്ത് തന്നെ ആശംസറിയിക്കാൻ തുനിഞ്ഞതാണ് കിരണും വിസ്മയയും തമ്മിലുള്ള അവസാന തർക്കത്തിന് കാരണം. തന്നെ വിളിക്കാൻ ഫോണെടുത്തപ്പോൾ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിച്ചു. തുടർന്ന് മർദിക്കുകയും ചെയ്തു. സിം പോലും പൊട്ടിച്ചെറിഞ്ഞുവെന്നും ത്രിവിക്രമൻ പറഞ്ഞു.
‘ഞാൻ കൊടുത്ത വണ്ടി വിറ്റ് പണം നൽകുക എന്നതായിരുന്നു അവന്റെ വലിയ ആവശ്യം. കൊടുത്ത കാറിന് മൈലേജില്ല. കൊള്ളത്തില്ല. ആ വണ്ടി എനിക്ക് വേണ്ട, വേറെ വേണം എന്ന് പറഞ്ഞു. ഞാൻ സിസി ഇട്ട് എടുത്ത വണ്ടിയായതിനാൽ ഇപ്പോൾ വിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അതുകൊണ്ടാണ് അത് വിറ്റ് പണം നൽകാൻ സാധിക്കാഞ്ഞത്. മറ്റുള്ളവർക്ക് പ്രയോജനകരമാകുന്ന രീതിയിലുള്ള ശിക്ഷ അവന് കിട്ടണം’ ത്രിവിക്രമൻ പറഞ്ഞു.’
Discussion about this post