കൊല്ലം: തന്റെ മകൾ വിസ്മയ ഭർതൃഗൃഹത്തിൽ വെച്ച് ആത്മഹത്യ ചെയ്തതല്ലെന്ന് ആവർത്തിച്ച് പിതാവ് ത്രിവിക്രമൻ നായർ. എല്ലാം സഹിച്ചവളാണ് തന്റെ മകളെന്നും ആത്മഹത്യ ചെയ്യാനുള്ള ഒരു സാധ്യതയുമില്ലെന്നും മരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു. ഫാദേഴ്സ് ഡേയുടെ അന്ന് ഫോണെടുത്ത് തന്നെ ആശംസറിയിക്കാൻ തുനിഞ്ഞതാണ് കിരണും വിസ്മയയും തമ്മിലുള്ള അവസാന തർക്കത്തിന് കാരണം. തന്നെ വിളിക്കാൻ ഫോണെടുത്തപ്പോൾ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിച്ചു. തുടർന്ന് മർദിക്കുകയും ചെയ്തു. സിം പോലും പൊട്ടിച്ചെറിഞ്ഞുവെന്നും ത്രിവിക്രമൻ പറഞ്ഞു.
‘ഞാൻ കൊടുത്ത വണ്ടി വിറ്റ് പണം നൽകുക എന്നതായിരുന്നു അവന്റെ വലിയ ആവശ്യം. കൊടുത്ത കാറിന് മൈലേജില്ല. കൊള്ളത്തില്ല. ആ വണ്ടി എനിക്ക് വേണ്ട, വേറെ വേണം എന്ന് പറഞ്ഞു. ഞാൻ സിസി ഇട്ട് എടുത്ത വണ്ടിയായതിനാൽ ഇപ്പോൾ വിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അതുകൊണ്ടാണ് അത് വിറ്റ് പണം നൽകാൻ സാധിക്കാഞ്ഞത്. മറ്റുള്ളവർക്ക് പ്രയോജനകരമാകുന്ന രീതിയിലുള്ള ശിക്ഷ അവന് കിട്ടണം’ ത്രിവിക്രമൻ പറഞ്ഞു.’
വിസ്മയയുടെ മൃതദേഹത്തിൽ നെറ്റിയിലും കഴുത്തിന്റെ മറ്റുഭാഗങ്ങളിലുമുളള പാടുകൾ ഉള്ളതിനാൽ ഇതൊരു കൊലപാതകമാണെന്ന് ഞങ്ങൾക്ക് നല്ല സംശയമുണ്ട്. കൈയിലെ ഞരമ്പ് മരിച്ചതിന് ശേഷം മുറിക്കാൻ ശ്രമിച്ചതിന്റെ പാടുകളുമുണ്ട്. അവൻ ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇട്ട വസ്ത്രത്തിൽ രക്തമില്ല. എന്നാൽ തുടയിൽ രക്തവുമുണ്ട്. നിരന്തരമായി മർദിക്കാറുണ്ടായിരുന്നുവെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. അവളെ മർദിക്കുന്നതിന് കിരണിന്റെ വീട്ടുകാരുടെ പിന്തുണയുമുണ്ടെന്നും പിതാവ് ആരോപിച്ചു.
ഭർത്താവ് കിരൺ മാത്രമല്ല അവരുടെ അമ്മയും മർദിച്ചതായാണ് കുടുംബം പറയുന്നത്. സുഹൃത്ത് ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് ത്രിവിക്രമൻ പറയുന്നത്. നാല് ദിവസം മുമ്പ് അവന്റെ അമ്മ വിസ്മയയെ അടിച്ചിട്ടുണ്ടെന്ന് അവളുടെ കൂട്ടുകാരി ഇന്നലെ അറിയിച്ചു. അമ്മ മർദിച്ച കാര്യം കിരണിനോട് പറഞ്ഞപ്പോൾ നിന്റെ അമ്മ അടിച്ച പോലെ കണ്ടാൽ മതിയെന്നാണ് പ്രതികരിച്ചതെന്ന് കൂട്ടുകാരി പറഞ്ഞെന്നും ത്രിവിക്രമൻ നായർ പറയുന്നു.
മകൾ വീട്ടിലായിരുന്ന സമയത്ത് തർക്കം തീർക്കുന്നതിന് ഫെബ്രുവരി 25ന് ഒരു ചർച്ച വെച്ചതായിരുന്നു. ഇതിനിടെയാണ് 20ാം തിയതി പരീക്ഷ കഴിഞ്ഞ ശേഷം അവളെ അവൻ വിളിച്ചുകൊണ്ട് പോയത്. ചർച്ചയിൽ അവനെ വേണ്ടെന്ന് തീരുമാനമെടുക്കുമെന്ന് അവൾക്കറിയാം. അതുകൊണ്ടാണ് അവൻ വിളിച്ചപ്പോൾ അവൾ പോയത്. പിന്നീട് ഞാൻ വിളിച്ചിട്ടില്ല. അമ്മയെ ഫോണിൽ വിളിക്കാറുണ്ട്. അവൻ ജോലിക്ക് പോകുന്ന സമയത്താകും ഈ വിളി.
‘ഒരു പേപ്പറും കൂടി എഴുതിയെടുക്കാനുണ്ട്. എന്നാൽ അതെഴുതാൻ അവൻ വിട്ടിരുന്നില്ല. തലേ ദിവസം അമ്മയെ വിളിച്ച് 1000 രൂപ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ എഴുതുന്നതിന് വേണ്ടിയാണെന്നാണ് പറഞ്ഞത്’ വിസ്മയയുടെ പിതാവ് പറഞ്ഞു. എല്ലാം സഹിക്കും നല്ല മനക്കരുത്തുണ്ട്. അതുകൊണ്ടാണ് തന്റെ കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറയുന്നതെന്നും ത്രിവിക്രമൻ വിങ്ങിപൊട്ടികൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.
Discussion about this post