പാലക്കാട്: കൊവിഡ് 19 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത് സംസ്ഥാനത്ത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ട് ജില്ലകളിലും ജാഗ്രത വര്‍ധിപ്പിച്ചു.
പത്തനംതിട്ട കടപ്രയില്‍ ഒരാള്‍ക്കും പാലക്കാട് രണ്ട് പേര്‍ക്കുമാണ് കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പാലക്കാട് ജില്ലയിലെ പറളി,പിരായരി പഞ്ചായത്തുകളിലെ രണ്ട് സ്ത്രീകളിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. രണ്ടിടത്തും ജാഗ്രത ശക്തമാക്കുമെന്ന് ഡിഎംഒ ഡോ. റീത്ത അറിയിച്ചു.
50 വയസ്സില്‍ താഴെയുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ് വകഭേദം കണ്ടെത്തിയത്. ഇരുവര്‍ക്കും രോഗം ഭേദമായി. പറളിയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ ലക്ഷണങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ പിരായനിയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ ലക്ഷണങ്ങളുണ്ടായിരുന്നു.
ഇവരുടെ കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തിയതാണ്. വൈറസിന് വ്യാപനം കൂടുതലായതിനാല്‍ കരുതല്‍ വേണം. പരിശോധനകള്‍ കൂട്ടുമെന്നും, ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഡിഎംഒ ഡോ. റീത്ത കൂട്ടിച്ചേര്‍ത്തു.
Discussion about this post