19 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിതൃദിനത്തില്‍ അച്ഛനെത്തി; ചലനമറ്റ ശരീരമായി, നെഞ്ചുപൊട്ടി മോളിയും മക്കളും

കൂത്താട്ടുകുളം: 19 വര്‍ഷം കാത്തിരുന്ന അച്ഛന്‍ പിതൃദിനത്തില്‍ എത്തിയത് ചലനമറ്റ ശരീരമായി. ഒന്നര മാസം മുമ്പ് സൗദിയിലെ റിയാദില്‍ മരിച്ച രത്‌നകുമാറിന്റെ (58) മൃതദേഹം മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെയാണ് നാട്ടിലെത്തിക്കാന്‍ സാധിച്ചത്. പാസ്‌പോര്‍ട്ടും രേഖകളും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലെത്താനാവാതെ സൗദിയില്‍ കുടുങ്ങുകയായിരുന്നു രത്‌നകുമാര്‍. എന്നെങ്കിലും നാട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്.

രത്‌നകുമാറിന്റെ ഭാര്യ മോളിക്കും, മക്കളായ സോനുകുമാറും സനുകുമാറിനും വിയോഗം വിശ്വസിക്കാനായിട്ടില്ല. ഡല്‍ഹിയില്‍ ടൈപ്പിസ്റ്റായി ജോലിചെയ്യുന്ന കാലത്താണ് മോളി രത്‌നകുമാറുമായി അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ശേഷം, കുടുംബം കരകയറ്റാനാണ് ചിറയിന്‍കീഴ് ശാസ്തവട്ടം ചരുവിള വീട്ടില്‍ രത്‌നകുമാര്‍ 30 വര്‍ഷം മുമ്പ് ഗള്‍ഫിലെത്തിയത്.

ഫര്‍ണിച്ചര്‍ സ്ഥാപനത്തിലായിരുന്നു ജോലി. ഇടയ്ക്ക് നാട്ടില്‍ വരുമായിരുന്നു. 19 വര്‍ഷം മുമ്പ് ജോലിചെയ്തിരുന്ന സ്ഥാപനം തീപിടുത്തത്തില്‍ കത്തിനശിച്ചു. രത്‌നകുമാറിന്റെ കൈവശമുണ്ടായ രേഖകളും കത്തി നശിച്ചു. ഇതോടെ സൗദിയില്‍ കുടുങ്ങുകയായിരുന്നു. ഇതിനിടയില്‍ പ്രമേഹരോഗ ബാധിതനായി. നാട്ടിലെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രേഖകളില്ലാത്തതിനാല്‍ ഒളിവ് ജീവിതം തുടര്‍ന്നു.

ചെറിയ ജോലികളൊക്കെ ചെയ്താണ് കഴിഞ്ഞിരുന്നത്. ഫോണ്‍ വിളിക്കുമ്പോള്‍ എങ്ങനെയും ഒരു ദിവസം നാട്ടിലെത്തുമെന്ന് പറയാറുണ്ടായിരുന്നു. ഈ വാക്കുകള്‍ ഇന്ന് നോവാവുകയാണ്. മേയ് നാലിനാണ് രോഗബാധിതനായി മരിച്ചത്. റിയാദിലെ ആശുപത്രിയില്‍ തിരിച്ചറിയാത്ത നിലയില്‍ മലയാളിയുടെ മൃതദേഹമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടു.

റിയാദ് കെ.എം.സി.സി.യുടെ സഹായത്തോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. രത്‌നകുമാറിന്റെ സഹോദരി പുത്രിയാണ് കൂത്താട്ടുകുളത്ത് താമസിക്കുന്ന മോളിയേയും മക്കളേയും മരണ വിവരമറിയിച്ചത്. മൃതദേഹം ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിച്ച ശേഷം മൂവാറ്റുപുഴയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പാലക്കുഴ ഗ്രാമപ്പഞ്ചായത്ത് ഇടപെട്ട് ഞായറാഴ്ച കൂത്താട്ടുകുളത്ത് പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Exit mobile version