കൊല്ലം: ശാസ്താംകോട്ടയിൽ വിസ്മയ എന്ന പെൺകുട്ടി സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. പെൺകുട്ടിയെ ഉപദ്രവിക്കുന്ന ഭർതൃ വീട്ടുകാരെ മാത്രമല്ല,മകളെ ഉപദ്രവിക്കുന്നു, അപമാനിക്കുന്നു എന്നറിഞ്ഞിട്ടും അവിടേക്കു വീണ്ടും പറഞ്ഞു വിടുന്ന വീട്ടുകാരെയും നിയമപരമായി ശിക്ഷിക്കുവാൻ വകുപ്പുണ്ടാകണമെന്നു ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.
ശാരദക്കുട്ടിയുടെ എഫ്ബി പോസ്റ്റ്:
പെൺകുട്ടിയെ ഉപദ്രവിക്കുന്ന ഭർതൃ വീട്ടുകാരെ മാത്രമല്ല, മകളെ ഉപദ്രവിക്കുന്നു , അപമാനിക്കുന്നു എന്നറിഞ്ഞിട്ടും അവിടേക്കു വീണ്ടും പറഞ്ഞു വിടുന്ന വീട്ടുകാരെയും നിയമപരമായി ശിക്ഷിക്കുവാൻ വകുപ്പുണ്ടാകണം. അവരും പെൺകുട്ടിയെ രണ്ടാംകിടയായി കാണുന്നവർ തന്നെ.
ഒരു നിവൃത്തികേടു പറഞ്ഞും ഈ കുറ്റകൃത്യത്തെ സാധൂകരിക്കാനാവില്ല. പെൺകുട്ടിയുടെ രക്ഷിതാവാകുക എന്നത് നിങ്ങളുടെ നിസ്സഹായതയാകുന്നതെങ്ങനെ?
പെൺകുട്ടികളേ, നാട്ടിലെ നിയമം നിങ്ങൾക്കനുകൂലമാണ്. നിങ്ങളുടെ സുരക്ഷക്കു വേണ്ടിയുള്ളതാണ്. നിങ്ങൾക്ക് ജീവിക്കുവാൻ മറ്റാരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
അങ്ങോട്ടുമിങ്ങോട്ടും വട്ടു തട്ടുന്നവർ ആരായാലും, അവർക്കെതിരെ പെൺകുട്ടികൾ നിയമസഹായം തേടണം. അതിനുള്ളതാണ് നിങ്ങൾക്കു ലഭിക്കുന്ന വിദ്യാഭ്യാസം.
നിങ്ങളുടെ ആത്മാഭിമാനം, നിങ്ങൾക്കു വേണ്ടിയുള്ള നിയമങ്ങൾ ഇവ മാത്രമാണ് നിങ്ങളുടെ രക്ഷാകവചം .. മറ്റാരുമല്ല, മറ്റൊന്നുമല്ല.
എസ് ശാരദക്കുട്ടി
Discussion about this post