കോഴിക്കോട്: ലോക്ഡൗണ്‍ കാറ്റില്‍പറത്തി കട്ടിപ്പാറ അമരാടി മലയില്‍ വിനോദ സഞ്ചാരത്തിനിറങ്ങിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി പോലീസ്. പോലീസിനെ കണ്ടപ്പാടെ ബൈക്കുപേക്ഷിച്ച് യുവാക്കള്‍ രക്ഷപ്പെട്ടപ്പോള്‍ ഇവരുടെ 18ഓളം ബൈക്കുകള്‍ എടുത്ത് പോലീസ് കൊണ്ടുപോവുകയായിരുന്നു. താമരശ്ശേരി പൊലീസ് ആണ് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ചുറ്റിക്കറങ്ങാനെത്തിയ യുവാക്കളെ പിടികൂടിയത്.
പിടികൂടിയ കുറച്ച് ബൈക്കുകള്‍ പോലീസുകാര്‍ ഓടിച്ചും, മറ്റുള്ളവ ലോറിയില്‍ കയറ്റിയുമാണ് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പോലിസ് എത്തിയതറിഞ്ഞ് സ്ഥലം വിട്ടവരുടെ വാഹനങ്ങളാണ് സ്റ്റേഷനില്‍ എത്തിച്ചത്. ഉടമകള്‍ക്കെതിരെ ലോക്ക്ഡൗണ്‍ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, മാസ്ക് ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി, വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് മറ്റു വകുപ്പുകളും ചേര്‍ത്ത് കേസെടുക്കും.
പ്രദേശത്ത് പതിവായി കൂട്ടം കൂടി യുവാക്കള്‍ എത്തിച്ചേരാറുണ്ടെന്ന നാട്ടുകാര്‍ പലപ്പോഴും പരാതിപ്പെട്ടിരുന്നു. കൊയിലാണ്ടി, കൊടുവള്ളി, പന്നൂര്, കട്ടിപ്പാറ, ഇയ്യാട്, അമ്പായത്തോട് തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുമെത്തിയവരാണ് കൂടുതലും.
Discussion about this post