കുട്ടമ്മത്ത്: ബാലകൃഷ്ണനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതോടെ കോളടിച്ചത് വളര്‍ത്തുമൃഗങ്ങള്‍ക്കാണ്. ദിവസവും കറക്കുന്ന 35 ലിറ്റര്‍ പാല്‍ ആടിനും താറാവിനും മുയലിനും കൊടുക്കുകയാണ് ബാലകൃഷ്ണന്‍. ചെറുവത്തൂര്‍ കുട്ടമത്ത് കൊത്തങ്കര മന്ദ്യന്‍ വീട്ടില്‍ ബാലകൃഷ്ണന്‍ എന്ന ക്ഷീര കര്‍ഷകനും കുടുംബത്തിനുമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
കറിവേപ്പിലയുടെയും നാരങ്ങാച്ചെടി ഇലയുടെയും മണം അറിയാന്‍ കഴിയാതായതോടെ ബാലകൃഷ്ണന്‍ തനിക്കു കോവിഡ് പോസിറ്റീവ് ആണെന്ന് ഉറപ്പിച്ചു. തന്നില്‍ നിന്നു കോവിഡ് മറ്റാര്‍ക്കും പകരരുതെന്ന് അന്നു തന്നെ ഉറപ്പാക്കി. പിന്നാലെ, പാല്‍ വിതരണം നിര്‍ത്തിയതായി ഇടപാടുകാരെ അറിയിച്ചു. അമ്മിഞ്ഞിക്കോട് വായനശാലയില്‍ 16ന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി. 18നാണു ബാലകൃഷ്ണനും ഭാര്യയും 2 മക്കളും പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചു റിപ്പോര്‍ട്ട് കിട്ടിയത്.
രാവിലെയും വൈകിട്ടുമായി 6 പശുക്കളില്‍ നിന്നായി 35 ലീറ്റര്‍ പാല്‍ കിട്ടിയിരുന്നതാണ്. സമീപ വീട്ടുകാര്‍ക്കും ക്ഷീരസഹകരണ സംഘത്തിലുമാണു വിതരണം. ദിവസേന 1200 രൂപയുടെ വരുമാനം. കൊവിഡ് സ്ഥിരീകരിച്ചതോടെ വരുമാനവും നിന്നു. ഇതോടെ, കറന്നെടുക്കുന്ന പാല്‍ അതോടെ വീട്ടിലുള്ള ആട്, കോഴി, താറാവ്, മുയല്‍ എന്നിവയ്ക്കു നല്‍കുകയായിരുന്നു.
18 ആട്, 9 താറാവ്, 3 വീതം കോഴി, മുയല്‍ ഇത്രയുമാണു ഇദ്ദേഹത്തിന്റെ വീട്ടിലെ അരുമകള്‍. എല്ലാവര്‍ക്കും പാല്‍ സുഭിക്ഷം. ഇതു കഴിഞ്ഞാലും പാല്‍ ബാക്കിയാണ്. ബാക്കിയുള്ളത് ഒഴുക്കി കളയാതെ മറ്റു വഴികളില്ല. ഇതു പരിഹരിക്കുന്നതിനു കോവിഡ് പോസിറ്റീവ് ആയി പരിചരണ കേന്ദ്രത്തിലുള്ളവര്‍ക്കു സൗജന്യമായി പാല്‍ നല്‍കാന്‍ വഴി തേടുകയാണ് ബാലകൃഷ്ണന്‍.
Discussion about this post