കൊച്ചി:സംസ്ഥാനത്ത് ഇന്ന് മുതൽ ബാറുകൾ അടച്ചിടും. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. വെയർ ഹൗസ് മാർജിൻ ബെവ്‌കോ വർധിപ്പിച്ചതാണ് നടപടിക്ക് പിന്നിൽ. ഇത് നഷ്ടമാണെന്നാണ് ബാർ ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. പ്രശ്‌നം പരിശോധിക്കാമെന്ന് അസോസിയേഷന് സർക്കാർ ഉറപ്പുനൽകിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ ബാറുകൾ പ്രവർത്തിക്കില്ലെന്ന് അസോസിയേഷൻ അറിയിച്ചു.
ബെവ്‌കോയിൽ നിന്ന് വിൽപ്പനയ്ക്കായി മദ്യം വാങ്ങുമ്പോൾ ഈടാക്കുന്ന വെയർഹൌസ് മാർജിൻ വർധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവിൽപ്പനയിലെ പ്രതിസന്ധി. കൺസ്യൂമർ ഫെഡിൻറേത് 8ൽ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് ഉയർത്തിയത്. വെയർഹൌസ് മാർജിൻ വർധിപ്പിക്കുമ്പോഴും എംആർപി നിരക്കിൽ നിന്ന് വിലകൂട്ടി വിൽക്കാൻ അനുവാദമില്ലാത്തതാണ് കൺസ്യൂമർ ഫെഡിനും ബാറുകൾക്കും തിരിച്ചടിയായത്.
ലോക്ക് ഡൗൺ പിൻവലിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്നിരുന്നു. പ്രത്യേക പൊലീസ് കാവലിൽ നിശ്ചിത അകലം പാലിച്ചാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് മദ്യം നൽകുന്നത്. ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാൻ അനുവാദം നൽകിയിട്ടില്ല.