കവരത്തി: ലക്ഷദ്വീപിന്റെ അധികാര പരിധി കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ കേന്ദ്ര സർക്കാരിന് മുന്നിൽ ശുപാർശയെന്ന് റിപ്പോർട്ട്. നിലവിൽ കേരള ഹൈക്കോടതിക്ക് കീഴിലാണ് ലക്ഷദ്വീപ്. ഇത് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രസർക്കാരിന് ശുപാർശ നൽകിയെന്നാണ് മാധ്യമ റിപ്പോർട്ട്.
പാർലമെന്റാണ് കേന്ദ്രഭരണ പ്രദേശങ്ങൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത്. ഇതുപ്രകാരം നിലവിൽ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമനടപടികൾ നടക്കുന്നത്. അതുകൊണ്ടുതന്നെ അധികാര പരിധി മാറ്റണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ശുപാർശ കേന്ദ്രത്തിന് പാർലമെന്റ് ചേർന്ന് തീരുമാനിക്കേണ്ടിവരും.
അതേസമയം, ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങൾക്കെതിരേ നിലവിൽ കേരള ഹൈക്കോടതിയിൽ നിരവധി ഹർജികളുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരേയുള്ള സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഭാഗമായുള്ള നിയമനടപടികളും കേരള ഹൈക്കോടതിയിലാണ് നടക്കുക. ഇതിനിടെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം.
നേരത്തെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ കേരളമാണെന്ന് ആരോപിച്ച് ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ രംഗത്തെത്തിയതും എറെ ശ്രദ്ധേയമായിരുന്നു. അഡ്മിനിസ്‌ട്രേഷനെതിരെ ക്യാംപെയ്ൻ നടത്തുന്നത് കേരളമാണെന്ന് ദ വീക്കിന് നൽകിയ അഭിമുഖത്തിൽ പ്രഫുൽ പട്ടേൽ ആരോപിച്ചിരുന്നത്.