കിഴക്കമ്പലം: റോഡ് വികസനത്തിന്റെ പേരിൽ തന്റെ ഏക സമ്പാദ്യമായ കൂര പൊളിച്ചുകളഞ്ഞ് തന്നെ തെരുവിലേക്ക് ഇറക്കിയ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി-ട്വന്റി അധികൃതർക്ക് എതിരെ ഒറ്റയാൾ പോരാട്ടവുമായി 77കാരി. വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞാണ് ഏലിയാമ്മ വർഗീസ് എന്ന വയോധികയെ കിഴക്കമ്പലം പഞ്ചായത്ത് അധികൃതർ കബളിപ്പിച്ചത്.
റോഡ് വികസനത്തിനെന്ന് പറഞ്ഞ് ഏലിയാമ്മയുടെ വീട് പഞ്ചായത്ത് അധികൃതർ പൊളിച്ച് മാറ്റിയിരുന്നു. പകരം വീട് നൽകുമെന്ന് പറഞ്ഞാണ് നാല് വർഷം മുൻപ് വീട് പൊളിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും വീട് നൽകാതായതോടെ പ്രതിഷേധിച്ച് സമരം നടത്തുകയാണ് ഏലിയാമ്മ.
‘ഏലിയാമ്മ എന്ന 77 വയസുകാരിയാണ് സമരം നടത്തുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ നാലാം വാർഡിലാണ് ഇവർക്ക് ആകെയുണ്ടായിരുന്ന സ്ഥലത്ത് ഒരു വീട് ഉണ്ടായിരുന്നത്. നാല് വർഷം മുൻപ് ആ വീട് റോഡിന് വീതി കൂട്ടാനാണെന്ന് പറഞ്ഞ്, ഇവർ സ്ഥലത്തില്ലാതിരുന്ന സമയത്ത് പൊളിച്ചു നീക്കുകയായിരുന്നു. പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞാണ് പൊളിച്ച് കളഞ്ഞത്. പിന്നീട് വീട് ചോദിച്ച് അധികൃതരെ സമീപിച്ചെങ്കിലും അവർ പരിഗണിച്ചില്ല. വിഷയത്തിൽ ട്വന്റി ട്വന്റിയുടെ ചില നേതാക്കൾ അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.’- ഏലിയാമ്മയുടെ സമീപവാസിയായ വിമോദ് പറയുന്നു.
വിഷയത്തിൽ സ്ഥലം എംഎൽഎയായ ശ്രീനിജന്റെ പ്രതികരണം റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നതിങ്ങനെ: ‘2017ൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് ചില വ്യക്തികൾ ഏലിയാമ്മയെ തെറ്റിദ്ധരിപ്പിച്ച്, അവർ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് അനുവാദമില്ലാതെ വീട് പൊളിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സാമഗ്രികളും വിറ്റെന്നാണ് പറയുന്നത്. നാലും വർഷമായിട്ടും ഒന്നും നടക്കാത്ത സാഹചര്യത്തിലാണ് ഏലിയാമ്മ ഈ സ്ഥലത്ത് സമരം നടത്തുന്നത്. വീട് നിർമ്മിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ വധഭീഷണി മുഴക്കിയെന്നാണ് പറയുന്നത്. ഈ വിവരം പൊലീസിനെ വിളിച്ച് പറഞ്ഞിട്ടുണ്ട്. അവർ വൃദ്ധയുടെ മൊഴി എടുത്തിട്ടുണ്ട്. ആധാരം അടക്കം അന്നത്തെ പഞ്ചായത്ത് അധികൃതരുടെ കൈയിലാണെന്നാണ് മനസിലാക്കുന്നത്. നിരന്തരമായി അമ്മ വീടിന്റെ കാര്യം പറഞ്ഞ് പഞ്ചായത്തിനെ സമീപിച്ചെങ്കിലും അവർ കേട്ടില്ല. ട്വന്റി ട്വന്റി അധികൃതർ ഇവരെ കബളിപ്പിച്ചതാണെന്നും സംശയമുണ്ട്.’
Discussion about this post