വൈറസുകള്‍ ഇല്ലെന്ന് പറഞ്ഞ് അന്ന് വവ്വാല്‍ കടിച്ച മാങ്ങ കഴിച്ച് നിപയെ വെല്ലുവിളിച്ച് മോഹനന്‍ വൈദ്യര്‍, വവ്വാലിന് പനി വരുന്നതെങ്കില്‍ ആദ്യം വവ്വാല്‍ ചാവണമെന്ന് വാദവും; ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു

തൃശ്ശൂര്‍: വൈദ്യ ചികിത്സയിലൂടെയും ആധുനിക ചികിത്സാ രീതികള്‍ക്കെതിരായ നിലപാടുകളിലൂടെയും വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ഒരാളായിരുന്നു മോഹനന്‍ വൈദ്യര്‍. കോവിഡിനു ഫലപ്രദമായ ചികിത്സയുണ്ടെന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചികിത്സ നടത്തുകയും ചെയ്തതിന് മോഹനന്‍ വൈദ്യര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണമാകട്ടെ കോവിഡ് ബാധിച്ചും.

കരമനയിലെ ബന്ധുവീട്ടില്‍ കഴിഞ്ഞദിവസമാണ് മോഹനന്‍ വൈദ്യരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയായ മോഹനന്‍ വൈദ്യര്‍ 25 വര്‍ഷമായി ചേര്‍ത്തല മതിലകത്താണ് താമസം. 2 ദിവസം മുന്‍പാണ് കരമനയിലെ ബന്ധുവീട്ടില്‍ എത്തിയത്.

മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയിലാണ് മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിപ്പ പൊട്ടിപ്പുറപ്പെട്ട സമയത്ത് വവ്വാല്‍ ഭക്ഷിച്ചുപേക്ഷിച്ച പഴവര്‍ഗങ്ങള്‍ കഴിക്കരുതെന്നും വവ്വാലുകളില്‍ നിന്നാണ് നിപ്പ വൈറസ് പകരുന്നതെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയപ്പോള്‍ വവ്വാല്‍ കടിച്ച മാങ്ങ കഴിച്ച് മോഹനന്‍ വൈദ്യര്‍ നിപ്പെയ വെല്ലുവിളിച്ച് അന്ന് വിവാദങ്ങളില്‍ നിറഞ്ഞിരുന്നു.

മാങ്ങ കഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വവ്വാലിന് പനി വരുന്നതെങ്കില്‍ ആദ്യം വവ്വാല്‍ ചാവണമെന്നും എലിക്കാണ് പനി വരുന്നതെങ്കില്‍ ആദ്യം എലി ചാകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

തന്റെ രോഗികള്‍ ഈ വൈറസ് ഉണ്ടെന്ന് വിശ്വസിക്കാതിരിക്കാനും ചികിത്സ എടുക്കാതിരിക്കാനുമാണ് മാങ്ങ കഴിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തതെന്നും ഈ പകര്‍ച്ചവ്യാധിയെ തടയാനുളള കഷായങ്ങള്‍ കൈവശമുണ്ടെന്നും മോഹനന്‍ വൈദ്യര്‍ അന്നും പ്രഖ്യാപിച്ചിരുന്നു.

വൈറസുകള്‍ ഇല്ല, കീമോതെറാപ്പി പാടില്ല തുടങ്ങിയ അശാസ്ത്രീയ വാദങ്ങളും ഇദ്ദേഹം നടത്തിയിരുന്നു. ഇങ്ങനെ വിവാദങ്ങളില്‍ നിറഞ്ഞപ്പോഴും ഇദ്ദേഹത്തിന്റെ ചികിത്സ തേടിയെത്തുന്ന രോഗികളുമുണ്ടായിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും ഒട്ടേറെ ഇടങ്ങളില്‍ ചികിത്സാലയം നടത്തിയിരുന്നു.

ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന മോഹനന്‍ വൈദ്യര്‍ക്ക് കഴിഞ്ഞ ദിവസം രാവിലെ പനിയും ഛര്‍ദ്ദിയുമുണ്ടായി. കടുത്ത ശ്വാസതടസ്സവും നേരിട്ടു. വൈകിട്ടോടെ കുഴഞ്ഞു വീണപ്പോള്‍ ബന്ധുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Exit mobile version