കോവളം: പിടിവിട്ട് പുറത്തേക്കോടിയ നായ്ക്കുട്ടിയെ തിരികെ എത്തിച്ചയാളോടുള്ള പരിചയം പിരിയാനാകാത്ത ബന്ധമായി വളര്‍ന്നു. ലോക്ഡൗണ്‍ പ്രതിസന്ധിക്കിടെ കോവളം തീരത്ത് പൂവണിഞ്ഞ ഇന്റര്‍നാഷണല്‍ പ്രണയത്തിന് ഇനി താലിചാര്‍ത്ത്. കൊവിഡ് കാലത്തിന്റെ ദുരിതങ്ങള്‍ക്കിടയില്‍ ഇംഗ്ലണ്ടുകാരി മിരാന്‍ഡ(മിമി)യും കോവളം സ്വദേശി അരുണ്‍ചന്ദ്ര(കണ്ണപ്പന്‍)നും തമ്മില്‍ മൊട്ടിട്ട രാജ്യാന്തര പ്രണയത്തിന്റെ കഥ ഇങ്ങനെ,
ലണ്ടനില്‍ സ്വകാര്യ സംരംഭക ആയ മിറാന്‍ഡ 2020 മാര്‍ച്ചില്‍ ആണ് ആദ്യമായി കോവളത്ത് എത്തുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ലോക്ഡൗണും വന്നെത്തി. ഇതോടെ മടക്കയാത്ര ബുദ്ധിമുട്ടായി. താമസിക്കുന്ന വീട്ടില്‍ നിന്ന് മിരാന്‍ഡയുടെ നായ്ക്കുട്ടി ഒരു ദിവസം പിടിവിട്ട് പുറത്തേക്ക് ഓടി. ഓടിയെത്തി നായ്ക്കുട്ടിയെ പിടികൂടിയത് സമീപവാസിയായും കോവളത്തെ സീ സര്‍ഫിങ് പരിശീലകനുമായ അരുണ്‍ ചന്ദ്രന്‍ ആയിരുന്നു.
നായ്ക്കുട്ടിയെ കിട്ടിയ സന്തോഷത്തില്‍ മിരാന്‍ഡ ഒരുമിച്ച് കാപ്പി കുടിക്കാന്‍ അരുണിനം ക്ഷണിച്ചു. പിന്നീട് ആ പരിചയം വൈകാതെ പ്രണയമായി. കൊറോണയും ലോക്ഡൗണും മാറിയും മറിഞ്ഞും നിന്നപ്പോള്‍ പ്രണയം തീവ്രമായി. ജീവിതം ഒരുമിച്ചായി. പിന്നീട് മിരാന്‍ഡ ഗര്‍ഭിണി ആണെന്ന് അറിഞ്ഞതോടെ അരുണിന്റെ വീട്ടിലും സന്തോഷമായി.
അരുണിന്റെ അമ്മ ഉള്‍പ്പെടെയുള്ള വീട്ടുകാരുടെ കരുതലില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒന്നര മാസം മുന്‍പ് സായി പിറന്നു. സായി ആര്‍തര്‍ ലിറ്റില്‍ഹുഡ് എന്നാണ് കുട്ടിയുടെ മുഴുവന്‍ പേര്. കൊറോണ പിന്നിട്ട് ലോകം സാധാരണ നിലയിലേക്ക് എത്തുമ്പോള്‍ ലണ്ടനിലേക്ക് മടങ്ങും മുന്‍പ് ഇവിടുത്തെ ആചാരമനുസരിച്ച് വിവാഹ ചടങ്ങ് നടത്താനാണ് ഇപ്പോള്‍ തീരുമാനം.