പട്ടാമ്പി: പാലക്കാട്ടെ വീട്ടമ്മയ്ക്ക് മറുപടി കത്തെഴുതി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. കത്ത് കിട്ടിയ സന്തോഷത്തിലാണ് പട്ടാമ്പി കൊടലൂര്‍ കൊട്ടാരത്തില്‍ ആയിഷ. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ആയിഷയുടെ അഭിപ്രായത്തോടു യോജിപ്പും പിന്തുണയുമറിയിച്ചാണ് കത്തയച്ചത്.
‘സ്ത്രീ ശാക്തീകരണം’ വിഷയമാക്കി ആയിഷ ഇമെയിലില്‍ അയച്ച കത്തു ന്യൂസീലന്‍ഡ് പ്രധാനമന്ത്രി സ്വീകരിക്കുകയും മറുപടി അയയ്ക്കുകയും ചെയ്തതോടെ കൊടലൂര്‍ ഗ്രാമത്തിന്റെ അഭിമാനമായിരിക്കയാണ് ഇംഗ്ലിഷ് ബിരുദാനന്തര ബിരുദം നേടാന്‍ ശ്രമിക്കുന്ന 26 വയസ്സുകാരി വീട്ടമ്മ. ആയിഷയുടെ ഇമെയില്‍ സന്ദേശത്തിന് സ്വന്തം കൈയ്യൊപ്പോടു കൂടിയാണ് മറുപടി കത്ത് നല്‍കിയിരിക്കുന്നത്.
മറുപടി കത്ത് ഇങ്ങനെ;
പ്രിയ ആയിഷ
നിങ്ങളുടെ ഇമെയിലിനു വളരെയധികം നന്ദി. നിങ്ങളുടെ ദയവുള്ള വാക്കുകള്‍ വായിക്കുമ്പോള്‍ എനിക്ക് വളരെ വിനയം തോന്നി. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശക്തമായ നടപടി സ്വയം സ്‌നേഹിക്കുകയാണെന്നും നിങ്ങള്‍ പറയുന്നതുപോലെ ‘അവള്‍ക്കു കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാത്തവര്‍ക്കിടയില്‍ തിളങ്ങുക’ എന്നതാണെന്നും നിങ്ങള്‍ വിശ്വസിക്കുന്നതു ശരിയാണ്.
എന്നാല്‍, നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നത് അവഗണിക്കാന്‍ പഠിക്കുക എന്നതാണ്. എന്തും ചെയ്യുക. ഒരു ‘സാധാരണ സ്ത്രീ’ എന്നൊരു കാര്യമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. എനിക്ക് എഴുതിയതിനു വീണ്ടും നന്ദി, ആയിഷ. വിശ്വസ്തതയോടെ, ജസിന്‍ഡ ആര്‍ഡേണ്‍. കൊടലൂര്‍ കൊട്ടാരത്തില്‍ ഷെമീറിന്റെ ഭാര്യയാണ് ആയിഷ. മുഹമ്മദ് സ്വാലിഹ്, ഫാത്തിമ സയ, മറിയം നൈല എന്നിവര്‍ മക്കളാണ്.