തിരുവനന്തപുരം: കോവിഡ് കാരണം വരുമാനം നിലച്ച് ജീവിതം വഴിമുട്ടിയവര്‍ നിരവധിയാണ്. അത്തരത്തില്‍ ജീവിക്കാന്‍ വഴിയില്ലാതെ ഇന്ന് ഒരു നേരത്തെ അന്നത്തിനായി അലയുകയാണ് കപ്പലണ്ടി കച്ചവടക്കാരന് മുരുകനും ഭാര്യയും. കോവളം തീരത്ത് വര്‍ഷങ്ങളായി കച്ചവടം നടത്തി വന്ന മുരുകന് കോവിഡ് വ്യാപിച്ചതോടെ വരുമാനമില്ലാതെയായി.
35 വര്‍ഷമായി കോവളത്തുള്ള തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിയും ഇപ്പോള്‍ സിസിലിപുരം ലക്ഷം വീട് കോളനിയില്‍ താമസക്കാരനുമായ അറുപത്തിരണ്ടുകാരന് മുരുകനും ഭാര്യ അമ്പത്തിഒന്പത് വയസുകാരി തുളസിയും കോവളത്ത് കപ്പലണ്ടി, പാനിപൂരി തുടങ്ങിയവ വിറ്റ് വരുമാനം കണ്ടെത്തി ജീവിച്ചിരുന്നവരാണ്.
കച്ചവടം നടത്തിയിരുന്ന മുരുകന് ചെലവ് കഴിഞ്ഞ് അഞ്ചൂറ് രൂപ ലാഭം കിട്ടുമായിരുന്നെങ്കില്‍ ഇന്നത് 100 രൂപയ്ക്ക് താഴെയായി. കൊവിഡ് വന്ന് കോവളത്ത് ആളൊഴിഞ്ഞതോടെ ഏക വരുമാന മാര്‍ഗം നിലച്ചു. ലോക്ക് ഡൗണ്‍ തുടങ്ങി ആദ്യ ഒന്നര മാസം ജോലി ഒന്നും ഇല്ലാതെ കൊവിഡിനെ പേടിച്ച് രോഗബാധിതയായ ഭാര്യയും മാനസിക അസ്വാസ്ഥ്യമുള്ള മകനുമായി വീട്ടില്‍ തന്നെ കഴിഞ്ഞു കൂടി.
പലരില്‍ നിന്നു കടം വാങ്ങി ഓരോ ദിവസവും തള്ളിനീക്കി. ആഹാരം ഉണ്ടാക്കുന്ന പാത്രങ്ങള്‍ വരെ വിറ്റ് ഭക്ഷണത്തിനുള്ള വക കണ്ടെത്തി. ഒടുവില്‍ ജീവിതം തള്ളി നീക്കാന്‍ കഴിയാതെ വന്നതോടെയാണ് മറ്റൊരാളുടെ സഹായത്തോടെ രണ്ടാഴ്ച്ച മുന്‍പ് ഉന്തുവണ്ടി സജ്ജമാക്കി കപ്പലണ്ടി വില്പനയ്ക്ക് ഇറങ്ങിയത്.
ഭാര്യ തുളസി സഹായത്തിനായി ഒപ്പം കൂടി. കോവളം പുതിയ ബൈപാസ് പാലത്തിന് അടിയില്‍ മുട്ടയ്ക്കാട് റോഡിലാണ് ഇപ്പോള്‍ ഉന്തുവണ്ടിയുമായി ഇവര്‍ കച്ചവടം നടത്തുന്നത്. ഇതുവഴി വാഹനത്തില്‍ പോകുന്നവരാണ് കൂടുതലും കപ്പലണ്ടി വാങ്ങുന്നത്.
ഇപ്പോള്‍ പരമാവധി 300 മുതല്‍ 600 രൂപ വരെ മാത്രമാണ് ഒരു ദിവസം കപ്പലണ്ടി വിറ്റ് കിട്ടുന്നത്. ഇതില്‍ കപ്പലണ്ടിയും അടുപ്പിന് ആവശ്യമായ മണ്ണെണ്ണ ഉള്‍പ്പടെ മറ്റ് ചിലവുകള്‍ മാറ്റിയാല്‍ 100 രൂപ വരെ ആണ് പരമാവധി ലഭിക്കുന്നതെന്ന് മുരുകന് പറഞ്ഞു.
മകളെ വിവാഹം ചെയ്ത് അയച്ചെങ്കിലും മകളുടെ ഭര്‍ത്താവിന് ഹൃദയ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലാണ്. രണ്ടു കുട്ടികളുള്ള ഈ കുടുംബത്തിന്റേയും കൈത്താങ്ങ് മുരുകനാണ്. ഇപ്പോള്‍ ആഹാരം വെക്കാനുള്ള പാത്രങ്ങള്‍ പോലും വീട്ടില്‍ ഇല്ല. എങ്ങനെയൊക്കെയോ ജീവിതം തള്ളി നീക്കുകയെന്ന് അറിയില്ലെന്നും മുരുകന് പറയുന്നു.
Discussion about this post