യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം: പ്രതി ജോമോള്‍ അറസ്റ്റില്‍, ഫോണ്‍ വീട്ടില്‍വെച്ച് സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ പിടികൂടിയത് പോലീസിന്റെ മറ്റൊരു തന്ത്രത്തിലൂടെയും

ഇടുക്കി: മാലിന്യം തള്ളിയെന്ന് ആരോപിച്ച് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ പ്രതി ജോമോള്‍ അറസ്റ്റില്‍. അണക്കര ഏഴാംമൈല്‍ കോളനി പട്ടശേരിയില്‍ ജോമോളാണ് ശനിയാഴ്ച രാത്രി നെടുങ്കണ്ടത്തെ ബന്ധുവീട്ടില്‍നിന്ന് പിടിയിലായത്.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് വീടിനുസമീപം മാലിന്യം തള്ളിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പ്രതി ജോമോള്‍ അയല്‍വാസി മനുവിന്റെ കൈപ്പത്തി ജോമോള്‍ വെട്ടിമാറ്റിയത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ ജോമോളും കുടുംബവും രക്ഷപ്പെട്ടിരുന്നു. ഇവരുടെ ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ വീട്ടില്‍വച്ചുതന്നെ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയതും അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍ മറ്റൊരു തന്ത്രത്തിലൂടെയാണ് പോലീസ് ജോമോളിനെ കുടുക്കിയത്.

ജോമോള്‍ ജില്ലയ്ക്കുപുറത്തേക്ക് രക്ഷപ്പെട്ടന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍, ഈ കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്ന യുവാവുമായി, ഇവരെ രക്ഷപ്പെടുത്താനെന്ന വ്യാജേന പോലീസ് ബന്ധം സ്ഥാപിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഇവര്‍ നെടുങ്കണ്ടം ഭാഗത്തെ ബന്ധുവീട്ടിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. എന്നാല്‍, വീട് കണ്ടെത്താന്‍ കഴിയാതെവന്നതോടെ ജോമോളോട് നെടുങ്കണ്ടത്തെ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ ഇവരുമായി ബന്ധമുണ്ടായിരുന്ന ആളെക്കൊണ്ട് പോലീസ് പറയിച്ചു. ഈ നിര്‍ദേശത്തെത്തുടര്‍ന്ന് ഇവര്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ജോമോളിനെ പോലീസ് കുടുക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Exit mobile version