കോട്ടയം: കൊവിഡിനോടും വൃക്കരോഗത്തോടും ഒരുമിച്ച് പൊരുതി ഒടുവില്‍ ഗോകുല്‍ യാത്രയായി. അതും കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ ഒരു നോക്കുപോലും കാണാന്‍ സാധിക്കാതെ. വൃക്ക രോഗത്തിന് ചികിത്സയില്‍ കഴിയവേയാണ് കൊവിഡ് ബാധിച്ച് ഗോകുലിന്റെ ആരോഗ്യസ്ഥിതി വഷളായത്.
പാമ്പാടി പങ്ങട മുണ്ട്യ്ക്കല്‍ ആര്‍ ഗോകുലാണ് ( 29) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണത്തിന് കീഴടങ്ങിയത്. ആറ് ദിവസം മുമ്പ് കൊവിഡ് നെഗറ്റീവ് ആയിരുന്നു. ജീവിതത്തിലേയ്ക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയോടെ കുടുംബം കാത്തിരിക്കവെയാണ്, വിയോഗ വാര്‍ത്ത എത്തിയത്. മൂന്നാഴ്ച മുമ്പായിരുന്നു ഗോകുലിന്റെ ഭാര്യ രേഷ്മ രാജന്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
കുഞ്ഞിനെ കാണാന്‍ ഗോകുലിന് സാധിച്ചിരുന്നില്ല. കിഡ്‌നി രോഗത്തെ തുടര്‍ന്ന് 2013ല്‍ ഗോകുലിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു.ത ുടര്‍ന്ന് ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിച്ച ഗോകുല്‍ പുറ്റടിയില്‍ സ്വകാര്യ കോളജില്‍ ലൈബ്രറിയന്‍ ആയി ജോലി ചെയ്യുകയായിരുന്നു. 2020ലാണ് വീണ്ടും വൃക്ക രോഗം ഗോകുലിനെ പിടികൂടിയത്. അതിനുള്ള ചികിത്സ നടക്കുന്നതിനിടെയാണ് കൊവിഡും ബാധിച്ചത്.
ഇതോടെ നില കൂടുതല്‍ ഗുരുതരമാവുകയായിരുന്നു. ശ്വാസകോശത്തെയും രോഗം ബാധിച്ചു. കോട്ടയം ബസേലിയസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു ഗോകുലും രേഷ്മയും. ഭാര്യയും കുഞ്ഞും സഹോദരനും അമ്മയും അടങ്ങുന്നതാണ് ഗോകുലിന്റെ കുടുംബം. അമ്മ – ശാരദാമ്മ, സഹോദരന്‍ – രാഹുല്‍. ഭാര്യ രേഷ്മ കരുമൂട് കരിക്കടന്‍ പാക്കല്‍ കുടുംബാംഗമാണ്. അച്ഛന്‍ രാജന്‍. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
Discussion about this post